അഭിലാഷ് പിള്ള ത്രിശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയരക്ടർ ആവും.
- ഫെയിസ്ബുക്ക് പോസ്റ്റ്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നാടക പഠന വകുപ്പായ 'School of Drama & Fine Arts - ൽ ഡയറക്ടറായി ഡോ. അഭിലാഷ് പിള്ള നിയമിതനായിരിക്കുകയാണ്.
നാടകാചാര്യന്മാരായിരുന്ന പ്രൊഫ. ജി.ശങ്കരപിള്ള, ഡോ.വയലാവാസുദേവൻ പിള്ള, ഡോ.രാമചന്ദ്രൻ മൊകേരി, പ്രൊഫ.കുമാരവർമ്മ തുടങ്ങിയ മഹാരഥന്മാർ നേതൃത്വം കൊടുത്ത സ്കൂൾ ഓഫ് ഡ്രാമക്ക് ഏറ്റവും അനുയോജ്യനായ ഡയറക്ടറെയാണ് ലഭിച്ചിട്ടുള്ളത്.
സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അഭിലാഷ് പിള്ള, കഴിഞ്ഞ 25 വർഷത്തിലേറെ കാലമായി ഡൽഹിയിൽ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ ഫാക്കൽറ്റിയും ഡീനുമായി പ്രവർത്തിച്ചുവരികയായിരുന്നു. അവിടെ നിന്നും ഡെപ്യൂട്ടേഷനിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിയമിതനായിരിക്കുന്നത്.
ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായ നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത ഡോ.അഭിലാഷ് പിള്ള ലണ്ടനിലെ റോയൽ അക്കാഡമി ഓഫ് ഡ്രമാറ്റിക്ക് ആർട്സിൽ നിന്നും തീയേറ്റർ പ്രൊഡക്ഷനിലും മാനേജ്മെന്റിലും ഉന്നത പരിശീലനം നേടിയ വ്യക്തിയാണ്.
ഡൽഹി ഭാരത 'മഹോത്സവ് ഇന്റർനാഷണൽ തീയേറ്റർ, ഫെസ്റ്റിവൽ തൃശ്ശൂരിലും ഡയറക്ടറായി നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്. യു.കെയിലെ ഓറഞ്ച് തിയേറ്റർ കമ്പനിയിൽ നിരവധി അന്തർദേശീയ സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അഭിലാഷ് പിള്ള.
താലാട്ടം, മിഡ്നൈറ്റ് ചിൽഡ്രൻ, ആ മനുഷ്യൻ നീ തന്നെ, സാകേതം, തോട്ടിയുടെ മകൻ (വെർഡിഗ്രീസ്), ഗോഡ് ഓഫ് സ്മോൾ തിങ്സ്, പനമരകഥകൾ (ഖസാക്കിന്റെ ഇതിഹാസം) എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങളാണ്.
കേരള സംഗീത നാടക അക്കാദമി അവാർഡ്, സംസ്കൃതി അവാർഡ്, വയലാകനൽ സാംസ്കാരികവേദി അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.
നാടക രംഗത്ത് ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അഭിലാഷ് പിള്ളയുടെ സാരഥ്യം, സ്കൂൾ ഓഫ് ഡ്രാമക്ക് മികവിന്റെ ഉയരങ്ങൾ താണ്ടാനുള്ള പ്രചോദനം കൂടിയാവും എന്നുറപ്പാണ്.
സ്കൂൾ ഓഫ് ഡ്രാമക്കും കാലിക്കറ്റ് സർവ്വകലാശാലയ്ക്കും സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഈ തീരുമാനം ഏറെ അഭിമാനകരമാണ്. ശ്രീ.അഭിലാഷ് പിള്ളക്കും സ്കൂൾ ഓഫ് ഡ്രാമക്കും ആശംസകൾ നേരുന്നു.