ശിവജി ഗുരുവായൂർ നയിക്കുന്ന അതിജീവന നാടകയാത്രയൊരുങ്ങുന്നു. നാടക പ്രവർത്തകരുടെ ദുരിതങ്ങളുടെ കഥയുമായി “ബ്ലാക്ക് ഔട്ട്” അരങ്ങിലേക്ക്.
- വാർത്ത - ലേഖനം
വിനോദ് നിസരി
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ അടച്ചിടലിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷത്തോളമായി അരങ്ങുകൾ നഷ്ട്ടമായ നാടകപ്രവർത്തകരുടെ അതിജീവനത്തിന്റെ ഭാഗമായി, പ്രൊഫഷനൽ നാടകങ്ങളിലെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന നാടക പ്രവർത്തകരുടെ സംഘടനയായ "അരങ്ങും അണിയറയും" അതിജീനവനയാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 മുതൽ 19 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ, പ്രശസ്ത നാടകപ്രവർത്തകരായ സുരേഷ് ബാബു ശ്രീസ്ഥ രചനയും, മനോജ് നാരായണൻ സംവിധാനവും നിർവഹിക്കുന്ന "ബ്ലാക്ക് ഔട്ട്" എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് അതിജീനവനയാത്ര സംഘടിപ്പിക്കുന്നത്. 13 നു രാവിലെ 10 മണിക്ക് കാസർഗോഡ് മണിയാട്ട് പ്രശസ്ത സിനിമ സംവിധായകൻ രഞ്ജിത്ത് അതിജീനവനയാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്ന് തന്നെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരും, മട്ടന്നൂരും നാടകം അവതരിപ്പിക്കും. പതിനാലാം തീയതി കോഴിക്കോട് ടൌൺ, ബാലുശ്ശേരി, മൂരാട് ഓയിൽ മിൽ പരിസരം എന്നിവിടങ്ങളിലും, 15നു മലപ്പുറം, പാലക്കാട് ജില്ലകളിലെ ചാലിശ്ശേരി,കൊടിക്കുന്നു, തിരൂർ, എടപ്പാൾ എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും. 16നു തൃശൂർ ജില്ലയിലെ ചൂരക്കാട്ടുകര, കൊടുങ്ങല്ലൂർ ഏറിയാട്, കൊരട്ടി, 17നു ആലുവ, എറണാംകുളം, കൊച്ചി എന്നിവിടങ്ങളിലും, 18നു ആലപ്പുഴ ,കൊല്ലം ജില്ലകളിലായി കായംകുളം, ഓച്ചിറ, ചിന്നക്കട, പാരിപ്പള്ളി എന്നിവിടങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്ന സംഘം, 19നു തിരുവനന്തപുരത്താണ് യാത്ര അവസാനിപ്പിക്കുക. സമാപന പരിപാടി തിരുവനന്തപുരത്തെ സൂര്യ ഓഡിറ്റോറിയമായ ഗണേശത്തിൽ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും.