സ്ത്രീ ശാക്തീകരണ സന്ദേശങ്ങള്‍ക്ക് പുതിയ ഭാഷയും ഭാവങ്ങളും നല്കി നാടക കലാജാഥയുമായി കുടുംബശ്രീ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശൂർ : സ്ത്രീ ശാക്തീകരണ സന്ദേശങ്ങള്‍ക്ക് പുതിയ ഭാഷയും ഭാവങ്ങളും നല്കി കുടുംബശ്രീയുടെ നാടകങ്ങള്‍. സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി നടത്തുന്ന സ്ത്രീശക്തി വനിതാ കലാജാഥയുടെ ഭാഗമായി ഒരുക്കിയ നാടകങ്ങളാണ് വീടുകള്‍ക്കകത്തും പുറത്തും സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരായ സമരകാഹളം മുഴക്കുന്നത്.
ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീധനം, സ്ത്രീകള്‍ക്കെതിരായ വിവേചനം, സ്ത്രീ ശാക്തീകരണത്തോടുള്ള വിമുഖത തുടങ്ങിയ പ്രവണതകളെ സൂക്ഷ്മ തലത്തില്‍ അനുവാചക മനസ്സുകളിലേക്കെത്തിക്കുന്ന മൂന്ന് നാടകങ്ങളും രണ്ട് സംഗീത ശില്‍പ്പങ്ങളുമാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.
കരിവെള്ളൂര്‍ മുരളിയുമായി ചേര്‍ന്ന് രചിച്ച് റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'പെണ്‍കാലം', ശ്രീജ ആറങ്ങോട്ടുകര രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത 'അത് ഞാന്‍ തന്നെയാണ്', ശ്രീജ ആറങ്ങോട്ടുകര രചനയും സംവിധാനവും നിര്‍വഹിച്ച 'സദസ്സില്‍ നിന്ന് അരങ്ങിലേക്ക്' എന്നീ നാടകങ്ങളും കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച 'പാടുക ജീവിത ഗാഥകള്‍', 'പെണ്‍വിമോചന കനവുല്സവം' എന്നീ സംഗീതശില്‍പ്പങ്ങളുമാണ് കലാജാഥയില്‍ അവതരിപ്പിക്കുക.