ശ്രീകൃഷ്ണൻ കെ.പി.യുടെ 'ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ' വി.ഒ.ഡി. റിലീസ് ചെയ്തു.
സാംസ്കാരിക ലേഖകൻ
മിനിമൽ സിനിമ ഫിലിം സൊസൈറ്റിയുടെ വീഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്ഫോമിൽ
ശ്രീകൃഷ്ണൻ കെ.പി. സംവിധാനം ചെയ്ത 'ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ' റിലീസ് ചെയ്തു. നിരൂപക ശ്രദ്ധ നേടിയ മറുപാതൈ (തമിഴ്), നായിന്റെ ഹൃദയം എന്നിവയാണ് ശ്രീകൃഷ്ണൻ കെ.പി. സംവിധാനം ചെയ്ത മുൻ സിനിമകൾ. 2020 ലെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ സിനിമാ മത്സര വിഭാഗത്തിൽ വേൾഡ് പ്രീമിയർ ആയിരുന്ന സിനിമയുടെ ഓൺലൈൻ പ്രീമിയർ ആണ് മിനിമൽ സിനിമയിലൂടെ സംഭവിക്കുന്നത്.
കരകൾക്കും കരകൾക്കും ഇടയിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ ജീവിതമാണ് സിനിമ പറയുന്നത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമായിൽ നിന്ന് പഠനം പൂർത്തിയാക്കിയ പൂർണിമ എൻകൊക്പം, കണ്ണനുണ്ണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതുൽ വിജയകുമാർ, അനൂപ് മോഹൻദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. റാസി ബാലകൃഷ്ണൻ, സതീഷ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷാക്യദേബ് ചൗധരി കാമറയും റുംജും ബാനർജി എഡിറ്റിംഗും ഗണേഷ് മാരാർ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. ഗ്രാഫിക്സും ആർട്ട് ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത് മിഥുൻ മോഹൻ ആണ്. കൗശൽ സപ്രേയാണ് സംഗീതം. ശ്രുതി കാർത്തിക, അമൽ അഷീഷ്, നവീൻ ഷെട്ടി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.