വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നാടകാവതരങ്ങളിൽ യുവ നാടക കൃത്ത് ഛന്ദസിന്റെ നാടകം തിരഞ്ഞെടുക്കപ്പെട്ടു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവൻ 40 വയസ്സിനു താഴെയുള്ളവരിൽ നിന്നും ക്ഷണിച്ച രചനകളിൽ ഛന്ദസ് എഴുതിയ "ശവം തീനികൾക്കിടയിൽ" എന്ന നാടകം അവതരണത്തിനായി തിരഞ്ഞെടുത്തു. സ്വാതന്ത്ര്യ സമരലബ്ധിയുടെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു രചനകൾ ക്ഷണിച്ചത്. ശവം തീനികൾക്കിടയിൽ ശക്തമായ സ്ത്രീ പക്ഷ പ്രമേയമുൾക്കൊള്ളുന്ന നാടകമാണ്. തുല്യതയിൽ പടുത്തുയർത്തേണ്ട, സ്നേഹാതുരതയിൽ നിന്ന് ശാരീരിക സ്നേഹത്തിലേയ്ക്കും, ഉദാത്ത രതിയിലേയ്ക്കും, വളരേണ്ട ആൺ -പെൺ ബന്ധങ്ങളുടെ അഭാവവും മൃഗീയമായ ആണാധിപത്യവുമെല്ലാം ഇതിൽ ചർച്ചയാവുന്നു. ഛന്ദസിന്റെ മീശപ്പുലിമലയും മറ്റു മൂന്നു ഏകാങ്കങ്ങളും എന്ന നാടക സമാഹാരത്തിൽ ഈ നാടകമുണ്ട്. നിലവിലെ കോവിഡ് സാഹചര്യങ്ങൾ മാറി വരുന്ന സാഹചര്യത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ വേദിയിൽ പ്രസ്തുത നാടകം അവതരിപ്പിക്കും.