സ്നേഹാദരവോടെ പവിഴദ്വീപിൽ നിന്ന് ഫാത്തിമ ഖമീസ്
നാടക ലേഖകൻ
കഴിഞ്ഞ ഇരുപതു വർഷമായി ബഹ്റൈനിൽ സ്ഥിരതാമസമാക്കിയ, ബഹ്റൈൻ പൗരത്വമുള്ള തൃശൂർ സ്വദേശിനിയാണ്. 2013 ൽ നിധേഷ് എടപ്പാൾ സംവിധാനം ചെയ്ത "നിർമ്മാല്യം "എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്. അവിടന്നിങ്ങോട്ട് പന്ത്രണ്ടോളം നാടകങ്ങളിൽ സഹകരിക്കാനും "അമലു ക്രിയേഷൻ" എന്ന ബാനറിൽ മൂന്നു നാടകങ്ങൾ നിർമ്മിക്കാനും ഒരു സിനിമയിൽ അഭിനയിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
സിനിമാ നാടക രംഗത്തെ പ്രശസ്തരായ ഡോ : സാംകുട്ടി പട്ടംകരി, മുരളി മേനോൻ, ഷാജൂൺ കാരിയാൽ എന്നിവർ നടത്തിയ ആക്ടിങ് വർക് ഷോപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
അഭിനയത്തിനു പുറമെ അക്രിലിക് പെയിന്റിംഗ്, തഞ്ചാവൂർ പെയിന്റിംഗ്, പേപ്പർ ക്വില്ലിംഗ്, ബോട്ടിൽ ആർട്ട്, ഡോൾ മേക്കിങ്, ഓർണമെന്റ്സ് മേക്കിങ് എന്നിവയിലും ഇഷ്ടത്തോടെ പരീക്ഷണങ്ങൾ നടത്തിവരുന്നു.
ബഹ്റൈനിൽ അറിയപ്പെടുന്ന സംഘടനകളായ ബഹ്റൈൻ കേരളീയ സമാജവും ബഹ്റൈൻ പ്രതിഭയും വർഷംതോറും നടത്തിവരുന്ന ആർട്ട് എക്സിബിഷനുകളിൽ എന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും കലാരാഷ്ട്രീയ സാംസ്കാരിക മേഖലകളിലുള്ള വ്യക്തികളുടെ പ്രശംസയ്ക്ക് പാത്രമാകാൻ സാധിച്ചതിലും വലിയ ചാരിതാർത്ഥ്യമുണ്ട്. ബഹ്റൈൻ കേരളീയ സമാജം, മെമ്പർമാർക്കായി നടത്തിയിട്ടുള്ള "കേരളോത്സവ"ത്തിൽ പങ്കെടുത്ത് വെജിറ്റബിൾ കാർവിങ്, ചിത്ര രചന, ഫാൻസി ഡ്രസ്സ്, ഡാൻസ് എന്നിവയിൽ ഒത്തിരി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞത് കലാകാരിയെന്ന അഭിമാനം ഉള്ളിൽ നിറയ്ക്കുന്നു.
ബഹ്റൈനിലെ കലാസാംസ്കാരിക പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിവിധ സബ് കമ്മിറ്റികളിൽ ചിൽഡ്രൻസ് വിങ് കൺവീനർ, ചിത്രകല ക്ലബ് ജോയിന്റ് കൺവീനർ, ലേഡീസ് വിങ് ട്രഷറർ,ഫിലിം കമ്മിറ്റി മെമ്പർ എന്നിങ്ങനെ കലാസാംസ്കാരിക രംഗത്തും, ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരുന്നു.
അഭിനയിച്ച നാടകങ്ങൾ
നിർമ്മാല്യം
രചന -- എം .ടി. വാസുദേവൻ നായർ
സംവിധാനം -- നിധേഷ് എടപ്പാൾ
പാല്പായസം
രചന -- ജയപ്രകാശ് കുളൂർ
സംവിധാനം -- ദിനേശ് കുറ്റിയിൽ
അഗസ്തിൻ ജോസഫിന്റെ സ്വർഗ്ഗയാത്ര
രചന -- നൗഷാദ് ഇബ്രാഹിം
സംവിധാനം -- എസ്. ആർ. ഖാൻ
ശൂരനാടിന്റെ മക്കൾ
രചന -- സത്യൻ വില്യാപ്പിള്ളി
സംവിധാനം -- ദിനേശ് കുറ്റിയിൽ
സാക്ഷി
രചന, സംവിധാനം -- അനിൽ സോപാനം
ഒരു വാക്കിന്നുമപ്പുറം
രചന -- ഡോ : സാംകുട്ടി പട്ടംകരി
സംവിധാനം -- പി. എൻ. മോഹൻ രാജ്
ഐസേ ഏക് ഗഗൻ കെ ടാലെ (ഹിന്ദി )
രചന -- ബാദൽ സർക്കാർ
സംവിധാനം -- ഡോ : സാംകുട്ടി പട്ടംകരി
മണ്ഡോദരി
രചന -- എൻ എസ് മാധവൻ
സംവിധാനം -- ഡോ : സാംകുട്ടി പട്ടംകരി
പ്രോംപ്റ്റർ
രചന -- കെ ആർ രമേശ്
സംവിധാനം -- വിഷ്ണു നാടകഗ്രാമം
ഉതുപ്പാന്റെ കിണർ
രചന -- പി ജെ ഉണ്ണിക്കൃഷ്ണൻ
സംവിധാനം -- ശിവകുമാർ കുളത്തൂപ്പുഴ
അമ്മ
രചന -- ഡോ : സാംകുട്ടി പട്ടംകരി
സംവിധാനം -- പി. എൻ. മോഹൻ രാജ്
പ്രിയപ്പെട്ട അവിവാഹിതൻ
രചന -- പി. എം. താജ്
സംവിധാനം -- വിഷ്ണു നാടകഗ്രാമം
സിനിമ -- ശിർക്
രചന, സംവിധാനം -- മനുകൃഷ്ണ.
ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പി. എം. താജ് അനുസ്മരണ ദിനത്തിൽ വരയും വരിയും എന്ന തത്സമയ രംഗാവതരണത്തിൽ ശ്രദ്ധേയ നാടകമായ രാവുണ്ണിയിലെ വിവിധ കഥാപാത്രങ്ങൾക്ക് ശില്പരൂപഭാവം നൽകുവാൻ കഴിഞ്ഞതും ഏറെ അഭിമാനം നൽകുന്നു.
കുടുംബം
ഭർത്താവ് ഖമീസ് റജബ് ബഹ്റൈൻ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
മക്കൾ രണ്ടുപേർ ബഹ്റൈൻ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർത്ഥിനികളാണ്