പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായി 'വാക്കറ്റം വികൃതി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട്: ജോസ് ചിറമ്മൽ കോഴിക്കോട് സ്ഥാപിച്ച നാടക സത്രം കോഴിക്കോടിന്റെ വാക്കറ്റം വികൃതി നാടകം പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി. യുവ നാടക സംവിധായകരിൽ ശ്രദ്ധേയനായ സുജിത്ത് സുന്ദറാണ് നാടകം സംവിധാനം ചെയ്തിട്ടുള്ളത്. എം.പി രാജേഷാണ് നാടക രചന.
പ്രണയത്തിൻ്റെ പശ്ചാത്തലത്തിൽ സമകാലിക രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുകയാണ് ഈ നാടകത്തിൽ. ജാതി മാറി പ്രണയിച്ച വാക്ക് കൊല ചെയ്യപ്പെടുന്നു. വാക്കിനോടൊപ്പം വാക്കിൻ്റെ ചരിത്രത്തേയും കുഴിച്ചുമൂടുന്നു. വാക്കിൻ്റെ കാമുകിക്ക് പുതിയ കല്യാണമുറപ്പിക്കുന്നു. കല്യാണമാവുമ്പോഴേക്കും വെള്ളം കിട്ടാൻ കിണർ കുഴിക്കുന്നു. കിണർ കുഴിക്കുന്ന തൊഴിലാളികൾ വാക്കിൻ്റെ ചരിത്രം കുഴിച്ചെടുക്കുന്നു. വാക്കിൻ്റെ കുപ്പായം, വാക്കിൻ്റെ വണ്ടി, വാക്കിൻ്റെ ദൈവങ്ങൾ, വാക്കിൻ്റെ ഉടൽ,ഒടുവിൽ വാക്കിനെ തന്നെയും. വാക്കിൻ്റെ ചരിത്രമോരോന്നും കാമുകിയെ വീണ്ടും വീണ്ടും പ്രണയിക്കുന്നു. സദാചാരത്തിൻ്റെ തോക്കുകൾ വീണ്ടും പ്രണയിനികൾക്ക് നേരെ നീളുന്നു.അവർ ചരിത്രത്തിൻ്റെ പിൻബലത്തോടെ മരണത്തെ അതിജീവിക്കുന്നു. എത്ര കൊല ചെയ്യപ്പെട്ടാലും വീണ്ടും ജനിക്കുകയും പ്രണയിക്കുകയും ചെയ്യുന്നു. ഈ നാടകം
സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നു. വാക്കും കുപ്പായവും വണ്ടിയും പാട്ടുമെല്ലാം കഥാപാത്രങ്ങളായി വരുന്നു.പ്രൊസീനിയം രീതിയിലാണ് നാടകത്തിൻ്റെ അവതരണം. രംഗ വസ്തുക്കളും കഥാപാത്രങ്ങളും ഒരേ സമയം ചരിത്ര സംഭവങ്ങളേയും സമകാലങ്ങളേയും ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.നടീനടൻമാരുടെ ശരീരചലനത്തിനും അഭിനയത്തിനും പ്രാധാന്യം നൽകി ക്കൊണ്ടാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അഭിനേതാക്കൾ : പ്രഭ വിജയമോഹൻ, ശ്രീലക്ഷ്മി, സുധീർ പറമ്പിൽ,കുമാർജി പാലത്ത്, ഷൈജു ഒളവണ്ണ,നവീൻ രാജ്,വിനീഷ് പി വാസു, ഷാജി കെ. പി, ഷിജു കുന്നമംഗലം, ഇമ്തിയാസ്, ജാസി, മനുരാജ്, കൃപാന്ത്, അംജദ് അലി
കലാസംവിധാനം : സാഗർ
സംഗീത സംവിധാനം:പ്രസൂൺ
സംഗീത നിർവഹണം :എം. എം. രാഗേഷ്
ദീപവിതാനം : സുബിൻ സജിനി
രചന : എം. പി. രാജേഷ്
സംവിധാനം : സുജിത് സി സുന്ദരൻ