യു എ ഇ യിലെ നാടകപ്രേമികൾക്ക് ആവേശമായി എൻസമ്പിൾ തീയറ്റർ ഫെസ്റ്റ് അജ്മാൻ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അജ്മാൻ: 2022 ഫെബ്രുവരി 12, 13 തീയതികളിൽ എൻസെംബിൾ തിയറ്റർ ഫെസ്റ്റ് അജ്മാൻ (ETFA 2022) എന്ന പേരിൽ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ നാടകോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് പ്രതിസന്ധി മൂലം മുടങ്ങി കിടന്ന യു.എ.ഇയിലെ നാടകപ്രവർത്തനങ്ങൾക്ക് ഈ നാടകോൽസവത്തിലൂടെ തുടക്കമായി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സ്മരണാർത്ഥം അരങ്ങേറിയ നാടകോത്സവത്തിന്റെ ഉദ്ഘാടനം ഹിറ്റ് എഫ് എം വാർത്താ വിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ നിർവഹിച്ചു. ഉമ്മൽഖൊയിൻ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക, കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ആർ.പി മുരളി, ഗോൾഡ് എഫ് എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ എന്നിവർ ആശംസ അറിയിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ പ്രസിഡന്റ് ജാസിം മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സുജികുമാർ പിള്ള സ്വാഗതവും, ട്രഷറർ ഗിരീശൻ നന്ദിയും പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രശസ്ത നാടക പ്രവർത്തകർ അംഗങ്ങളായ ജൂറി ഫെബ്രുവരി 15നു മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. മികച്ച അവതരണം, രണ്ടാമത്തെ അവതരണം, സംവിധായകൻ, നടൻ, നടി, സഹ നടൻ, സഹ നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, രംഗസജ്ജീകരണം, ചമയം എന്നിവയ്ക്കും പുരസ്കാരങ്ങൾ നൽകും.
യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള അഞ്ചു സമിതികളാണു മത്സരത്തിൽ പങ്കെടുത്തത്. ചമയം തീയറ്റർ ഷാർജ്ജ അവതരിച്ച "കൂമൻ", ആക്ഷൻ തീയറ്റർ അൽഐൻ അവതരിപ്പിച്ച "പത്താം ഭവനം", അൽഖൂസ് തീയറ്റർ ദുബായ് അവതരിപ്പിച്ച "വില്ലേജ് ന്യൂസ്", ഗുരുരംഗവേദി അജ്മാൻ അവതരിപ്പിച്ച "ആരാണു കള്ളൻ", ഓർമ ദുബായ് അവതരിപ്പിച്ച "ദ ബ്ലാക്ക് ഡേ" എന്നീ നാടകങ്ങളാണു മത്സരത്തിൽ പങ്കെടുത്തത്.