ബഹ്റൈൻ കേരളീയ സമാജം വിശ്വകലാരത്ന പുരസ്ക്കാരം സൂര്യ കൃഷ്ണമൂർത്തിക്ക്
- വാർത്ത - ലേഖനം
തിരുവനന്തപുരം : ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രഥമ വിശ്വകലാരത്ന പുരസ്ക്കാരം ശ്രീ. സൂര്യ കൃഷ്ണമൂർത്തിക്കു
സമർപ്പിക്കുന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. ബെന്യാമിൻ, പ്രശസ്ത വാസ്തു ശില്പിയും സാംസ്കാരിക പ്രവർത്തകനുമായ പദ്മശ്രീ ജി ശങ്കർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള എന്നിവർ അടങ്ങിയ അവാർഡ് നിർണയ സമിതിയാണ് സൂര്യ കൃഷ്ണമൂർത്തിയെ പ്രസ്തുത പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് വിശ്വ കലാരത്ന പുരസ്കാരം.
ഭാരതീയ കലകളുടെ സംരക്ഷണത്തിനും പ്രചരണത്തിനും അദ്ദേഹം നല്കുന്ന സമഗ്ര സംഭാവനകൾക്കുള്ള ആദരസൂചകമായാണ് പുരസ്കാരം സമ്മാനിക്കുന്നത്.
"ഭാരതത്തിന്റെ തനതായ കലാ സങ്കേതങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിൽ സൂര്യ കൃഷ്ണമൂർത്തി വഹിക്കുന്ന പങ്ക് ശ്ലാഘനീയവും അനിതര സാധാരണവുമാണ്. ഭാവസമ്പന്നവും സാമ്പ്രദായികവുമായ ഭാരതീയ കലാ രൂപങ്ങൾക്ക് അദ്ദേഹം നല്കിയ പുനരുജ്ജീവനം എടുത്തു പറയേണ്ടതാണ്. ക്ലാസ്സിക്കൽ ഡാൻസ്, ക്ലാസ്സിക്കൽ മ്യൂസിക്, നാടകം, ഫോട്ടോഗ്രാഫി, ചിത്രകല, ലൈറ്റ് & സൗണ്ട് ഷോകൾ, തിയറ്റർ ഓഫ് ഫ്രീഡം തുടങ്ങി സൂര്യ കൃഷ്ണമൂർത്തിയുടെ പ്രതിഭയുടെ കരസ്പർശമേൽക്കാത്ത മണ്ഡലങ്ങൾ തീരെ വിരളമാണ്. അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ അവാർഡ് കമ്മിറ്റി ചെയർമാൻ ശ്രീ. ബെന്യാമിൻ അഭിപ്രായപ്പെട്ടു.
"തികച്ചും വൈവിധ്യ പൂർണ്ണമായ അനവധി കലകളെ സൂര്യ ഫെസ്റ്റിവലിന്റെ ഏകഹാരത്തിൽ കോർത്തു കൊണ്ട് അദ്ദേഹം സൃഷ്ടിക്കുന്ന സമഞ്ജസ സമ്മേളനപ്രപഞ്ചം ആരേയും അതിശയിപ്പിക്കുന്നതാണ്. 1977 ൽ ആരംഭിച്ച അദ്ദേഹത്തിന്റെ കലാ സപര്യ നാല്പതിലേറെ രാജ്യങ്ങളിലൂടെ, നൂറ്റിപ്പതിനൊന്നിലേറെ ചാപ്റ്ററുകളിലൂടെ അനുസ്യൂതം തുടരുകയാണ്." അവാർഡ് കമ്മിറ്റി അംഗം പദ്മശ്രീ ജി ശങ്കർ അറിയിച്ചു.
ബഹ്റൈൻ കേരളീയ സമാജം പ്രതിനിധികളായ മോഹൻ രാജ് പി. എൻ ഹരികൃഷ്ണൻ ബി, ബഹ്റൈൻ പ്രവാസി റിട്ടർനീസ് അസോസിയേഷൻ പ്രതിനിധികളായ പി സി വിനോദ്, ബിജു അഞ്ചൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മേയ് 5, വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന ഇന്തോ ബഹ്റൈൻ ഫെസ്റ്റിൽ വച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ പുരസ്ക്കാര സമർപ്പണം നിർവഹിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ചടങ്ങിൽ ബഹ്റൈൻ കൾച്ചറൽ അതോറിറ്റി പ്രസിഡന്റ് ഹിസ് ഹൈനസ് ഷയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് ഹൈനസ് പീയൂഷ് ശ്രീവാസ്തവ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. പുരസ്ക്കാര സമർപ്പണാനന്തരം പ്രശസ്ത നർത്തകിയും സിനിമാ താരവുമായ ശ്രീമതി ശോഭനയുടെ നൃത്തവും ഉണ്ടായിരിക്കുന്നതാണ്.