പ്രശസ്ത സിനിമാ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു
- വാർത്ത - ലേഖനം
കൊച്ചി: പ്രശസ്ത സിനിമാ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീർഘകാലമായി ചികിത്സയിലായിരുന്നു.
സ്വപ്നാടനം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, മേള, ഉൾക്കടൽ, ഈ കണ്ണി കൂടി തുടങ്ങിയവ കെജി ജോർജിന്റെ പ്രശസ്ത സിനിമകളാണ്.
1946 ൽ തിരുവല്ലയിൽ ജനിച്ച കെ ജി ജോർജ് (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്) ബിരുദപഠനത്തിന് ശേഷം 1971 ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ സംവിധാനത്തിൽ ഡിപ്ലോമ നേടി. രാമുകാര്യാട്ടിന്റെ മായ എന്ന സിനിമയിൽ സഹായിയായിട്ടാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്.
1976 ൽ പുറത്തിറങ്ങിയ സ്വപ്നാടനം ആണ് കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഈ സിനിമയ്ക്ക് ദേശീയ പുരസ്കാരം, മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവയ്ക്ക് സംസ്ഥാന പുരസ്കാരവും ലഭിച്ചു. 1998 ൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഇലവങ്കോട് ദേശം മാണ് കെ ജി ജോർജിന്റെ അവസാന ചിത്രം.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് കെ ജി ജോർജിന്റെ ഭാര്യ.