സമത നാടക രചനാ മത്സരം; മീര കൃഷ്ണന് ഒന്നാം സ്ഥാനം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശൂർ: സമത, സംസ്ഥാനത്തെ കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നാടകരചനാ മത്സരഫലം പ്രഖ്യാപിച്ചു. ചങ്ങനാശേരി എസ്ബി കോളേജിലെ മലയാളവിഭാഗം ഗവേഷണവിദ്യാർഥി മീര കൃഷ്ണന്റെ പെൺ ചൂര് ഒന്നാം സ്ഥാനം നേടി. കാലടി സംസ്കൃത സർവകലാ ശാലയിലെ മലയാളവിഭാഗം ഗവേഷണവിദ്യാർഥി അനുശ്രീ ചന്ദ്രന്റെ ‘പഗോതിത്തോറ്റം അഥവാ ചെങ്കുട്ടി ദി ചൈൽഡ് ഓഫ് പഗവതി രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ എം.എ മലയാളം വിദ്യാർഥി ശിൽപ ശ്രീനിവാസന്റെ യുണീക്കുകളെ കണ്ടില്ല, കേട്ടില്ല, മിണ്ടില്ല മൂന്നാം സ്ഥാനവും നേടി. പ്രൊഫ. പി ഗംഗാധരൻ, ഡോ. എൻ കെ ഗീത, ശ്രീജി പൊയിൽക്കാവ്, മെയ്ബി സ്റ്റാൻലി എന്നിവരാണ് വിജയികളെ തെരഞ്ഞടുത്തത്. വിജയികൾക്ക് പ്രശസ്തിപത്രത്തോടൊപ്പം യഥാക്രമം 10,000 രൂപ, 7500 രൂപ, 5000 രൂപ ക്യാഷ് അവാർഡും നൽകും. 30ന് എറണാകുളം ആശിർ ഭവനിൽ നടക്കുന്ന എ.കെ.പി.സി.ടി.എ സംസ്ഥാന വനിതാ കൺവൻഷൻ ഉദ്ഘാടന സെഷനിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി അവാർഡുകൾ സമ്മാനിക്കുമെന്ന് സമത മാനേജിങ് ട്രസ്റ്റി ടി.എ ഉഷാകുമാരി പറഞ്ഞു.