സംസ്ഥാന ഫോക് ലോർ ആക്കാദമി അവാർഡുക്കൾ പ്ലാസ്റ്റിക്ക്!??? പ്രതിഷേധവുമായി നാടക പ്രവർത്തകരായ സുധി പാനൂരും, പി ടി മനോജും
- ഫെയിസ്ബുക്ക് പോസ്റ്റ്
സുധി പാനൂർ
പി ടി മനോജ്
സുധി പാനൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
കേരള സംസ്ഥാന ഫോക്ക്ലോർ അക്കാദമി അവാർഡാണിത്..... ഇത് പ്ലാസ്റ്റിക്കാണ്....
(അവാർഡ് കല്ലായാലും കടലാസായാലും സ്വീകരിക്കും; അത് വേറെ!) വെങ്കലം പോലെ കള്ള കളറ് കാട്ടി ഞങ്ങളെ ഇങ്ങനെ ഇനീം പറ്റിക്കല്ലേ സാറന്മാരേ..., നാണക്കേട് !
കേരള ചലചിത്ര അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്,നാടക അക്കാദമി അവാർഡ് തുടങ്ങി എല്ലാ സംസ്ഥാന അവാർഡും കണ്ടിട്ടുമുണ്ട് തൊട്ട് നോക്കിയിട്ടുമുണ്ട്... നല്ല ഉറപ്പുമുണ്ട്...ലോഹമാണ്.... നല്ലത്!
പറയനും പൊലയനും തെണ്ട കീറി പാടിയതിനും,പറഞ്ഞതിനും തമ്പ്രാൻ്റെ വക ഔദാര്യമാണ്.... വരിക... വാങ്ങുക... വാക്കയ് പൊത്തി ഓച്ഛാനിച്ച് പിൻ കാല് വെച്ച് തൊഴുത് മടങ്ങുക.......
ഓ മ്പ്രാ ...
ഈ നക്കാപ്പിച്ച കൊണ്ട് ഈയ്യമുരുക്കിയൊഴിച്ച് ഒര് അച്ചിൽ വാർത്ത് രാജ മുദ്ര ചാർത്തി തന്നിരുന്നെങ്കിൽ തകർത്തേനേ... നവോത്ഥാനത്തിൻ്റെ ഒരു ...
തമ്പ്രാന് കരമൊടുക്കാൻ കൊയ്ത്തരിവാള് കൊണ്ട് ചിരുത മുറിച്ച് നീട്ടിയ കറുത്ത മുലയെക്കാൾ ശ്രേഷ്ഠമായ അവാർഡ് ശില്പമൊന്നും തത്ക്കാലം വേറെയില്ല സാറേ...
അല്ലെങ്കിലും പൊകയിലയും അടയ്ക്കയും തന്ന് പറ്റിച്ച് നാവടക്കിയ ചരിത്രം ആവർത്തിച്ചു കാണുന്നതിലുള്ള തന്തോയം ചെറുതല്ല.
ഇങ്ങനെ വീണ്ടും വീണ്ടും പുരസ്കരിച്ച് അപമാനിക്കല്ലേ ഏമാനേ...
തൊണ്ടയിൽക്കുടുങ്ങിപ്പോയോരു ഈങ്കുലാബ് കാർക്കിച്ചു തുപ്പിപ്പോകും ഞങ്ങൾ !
ലാൽ സലാം.
പി ടി മനോജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
ഫോക് ലോർ അക്കാദമി അവാർഡ് ദാനത്തിന്റെ ശില്പത്തെക്കുറിച്ച് സുഹൃത്ത്, നാടകക്കാരൻ സുധി പാനൂർ എഴുതിയ പ്രതിഷേധക്കുറിപ്പ് കണ്ടു. തീർച്ചയായും നാടൻ കലയെയും കലാകാരൻമാരെയും അപഹസിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെയുള്ള സുധിയുടെ പ്രതിഷേധത്തോട് ഒപ്പം ചേരുന്നു.
കൂടെ പറയട്ടെ, ഇത് ഈ വർഷം തുടങ്ങിയതല്ല. 2017ലെ അവാർഡ് തൊട്ട് ഈ പ്ലാസ്റ്റിക് ശില്പമാണ് ഫോക് ലോർ അക്കാദമി വിതരണം ചെയ്യുന്നത്. 2017 - 2018 രണ്ട് വർഷങ്ങളിലെ അവാർഡായി ഏതാണ്ട് 300 കലാകരൻമാർക്ക് ഒന്നിച്ചാണ് കണ്ണൂർ ശിക്ഷക് സദനിൽ വച്ച് ഈ പ്ലാസ്റ്റിക് ശില്പം നൽകിയത്. സിനിമാ അക്കാദമിയും സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയും ലളിത കലാ അക്കാദമിയും നൽകുന്ന അവാർഡു ശില്പങ്ങളും ഈ ശില്പവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരു സൗഹൃദ കൂട്ടായ്മയിൽ ഫോക് അക്കാദമി നിർവ്വാഹക സമിതി അംഗത്തോട് തർക്കിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് " ഇത്രേം പേർക്ക് അവാർഡ് നൽകുന്നില്ലേ ... അതല്ലേ കാര്യം ,ശില്പത്തിന്റെ ക്വാളിറ്റിയല്ലല്ലെ നോക്കേണ്ടത് "
എന്നാണ്.
എത്ര ലളിതം. അല്ലെ !.
പക്ഷെ, സംശയമിതാണ്: എങ്കിൽ മറ്റ് അക്കാദമികളും പ്ലാസ്റ്റിക് നൽകിയാൽ മതിയല്ലോ. നാടൻ മാത്രമെന്തിന് പ്ലാസ്റ്റിക്കനാവണം?