സംവിധാന മികവിനുള്ള ഓക്കർ തീയറ്റർ ഓസ്ട്രേലിയ പുരസ്കാരം ശശിധരൻ നടുവിലിന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കാൻബറ : ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓക്കർ തിയറ്ററിന്റെ പ്രഥമ സംവിധാന മികവിനുള്ള അവാർഡ് പ്രശസ്ത നാടക സംവിധായകൻ ശശിധരൻ നടുവിലിനു ലഭിച്ചു. രണ്ടായിരം ഡോളറും സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്.
നാല്പതോളം വർഷങ്ങളായി നാടക രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ശശിധരൻ നടുവിൽ. നാന്നൂറോളം നാടകങ്ങൾ സംസ്ഥാന, രാജ്യ രാജ്യാന്തര നാടക വേദികളിൽ സംവിധാനം ചെയ്തിട്ടുണ്ട് പ്രശസ്തമായ മഹീന്ദ്ര തിയറ്റർ ഫെസ്റ്റിവൽ, ഭാരത് രംഗ് മഹോത്സവ് (നാഷണൽ സ്കൂൾ ഓഫ് ഡ്രാമ), കേളി നാടക ഫെസ്റ്റിവൽ, ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരളം (itfok) എന്നീ ഫെസ്റ്റിവലുകളിൽ നിരവധി തവണ നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
അൻപതോളം സാഹിത്യ കൃതികൾ നാടകമാക്കി അവതരിപ്പിച്ചിട്ടുള്ള ശശിധരൻ, മുന്നൂറോളം വേദികളിൽ മികച്ച സംവിധായകനുള്ള സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. നാടകത്തിനുള്ള സമഗ്ര സംഭാവനയും ഓക്കർ തിയേറ്റർ ഫെസ്റ്റിവലിനായി കാൻബറ ഓസ്ട്രേലിയയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഹിഗ്വിറ്റ (എൻ എസ് മാധവന്റെ ചെറുകഥ ഹിഗ്വിറ്റയുടെ നാടകാവലംബം) നാടകത്തിന്റെ മികവും കണക്കിലെടുത്താണ് അവാർഡ് പ്രഖ്യാപിച്ചത് എന്ന് ഓക്കർ തിയറ്റർ ഭാരവാഹികൾ അറിയിച്ചു.