പ്രാദേശിക നാടക ചരിത്ര ശേഖരണത്തിന് മികച്ച മാതൃകയായി അരങ്ങൊലി
- വാർത്ത - ലേഖനം
ശ്രീജിത്ത് പൊയിൽ ക്കാവ്
ഓരോ ഗ്രാമത്തിനും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ കലാ - നാടക ചരിത്രമുണ്ട്. അത്തരം ചരിത്രം സമഗ്രമായി രേഖപ്പെടുത്താൻ കഴിയുക ആ പ്രദേശവാസികൾക്കു തന്നെയാണ്. കാരണം വലിയൊരു വിഭാഗം ഗ്രാമീണ കലാപ്രവർത്തകരും ആ പ്രദേശവാസികളുടെ ഹൃദയത്തിൽ ഉള്ളവരും എന്നാൽ ചരിത്രത്തിൽ വേണ്ടതു പോലെ രേഖപ്പെടുത്തപ്പെടാത്തവരുമാണ്. പ്രത്യേകിച്ച് ഗ്രാമീണ അമച്ച്വർ നാടക പ്രവർത്തകർ. അത്തരം നാടക പ്രവർത്തകരെ രേഖപ്പെടുത്താൻ പാലക്കാടുള്ള നാടക സംഘമായ ഡ്രാമാ ഡ്രീമ്സ് അരങ്ങൊലി എന്ന ഗ്രന്ഥത്തിലൂടെ ശ്രമിക്കുകയാണ്.
പാലക്കാടിന്റെ സമഗ്ര നാടക ചരിത്രം രേഖപ്പെടുത്തുന്ന അരങ്ങൊലി എസ്.വി അയ്യർ എഡിറ്റ് ചെയ്തിട്ടുള്ളതാണ്. അസിസ്റ്റന്റ് എഡിറ്റർ പി.വി ചന്ദ്രഹാസനാണ്.
പ്രിന്റിങ്ങും ഉള്ളടക്കത്തെ പോലെ പ്രൗഢമാക്കാൻ എഡിറ്റോറിയൽ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇരുന്നൂറ്റി അൻപത് പേജുകളിൽ പാലക്കാട് നാടകാചാര്യൻ കാളിദാസ് പുതുമന എഴുതിയ പാലക്കാട്ടെ നാടകശ്രുതി, ഷൊർണ്ണൂരിലെ മ്യൂസിക്ക് ക്ലബ്ബ്, ചെമ്പകത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ, പി.കെ.എസ് പയ്യനെടത്തിന്റെ നാടക ജീവിതത്തെ പറ്റി ശ്രീവിദ്യ കുട്ടികൃഷ്ണൻ എഴുതിയ ലേഖനം തുടങ്ങിയവ പാലക്കാടൻ നാടക പാരമ്പര്യത്തിന്റെ ചരിത്ര നേർസാക്ഷ്യങ്ങളാണ്.
അറിയപ്പെടുന്നതും ചരിത്രത്തിൽ നിന്നും വിട്ടു പോയവരുമായ പാലക്കാടിന്റെ നാടക പാരമ്പര്യം ഉയർത്തിപ്പിടിച്ച നാടക കലാകാരൻമാരുടെ ഒരു സമഗ്ര ഡയറക്ടറിയും പുസ്തകത്തിൽ ലഭ്യമാണ്.
അരങ്ങൊലി പോലെ ഓരോ ജില്ലയിലെയും പ്രാദേശിക നാടക ചരിത്രം സമഗ്രമായി ശേഖരിച്ച് അതൊരു പുസ്തമാക്കി സർക്കാർ തലത്തിൽ തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാൽ നാടക ചരിത്ര വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.