പാരിസ് ചന്ദ്രന് (ചന്ദ്രൻ വെയാട്ടുമ്മൽ) ജന്മനാടിന്റെ അന്ത്യാഞ്ജലി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
രാജ്യത്തും വിദേശത്തും സംഗീത സംവിധാന രംഗത്ത് നിറസാന്നിധ്യമായ പാരിസ് ചന്ദ്രന് (ചന്ദ്രൻ വെയാട്ടുമ്മൽ) ജന്മനാടിന്റെ അന്ത്യാഞ്ജലി.
മരണവിവരമറിഞ്ഞ് വിവിധ മേഖലയിലുള്ളവർ നരിക്കുനിയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. നരിക്കുനി വട്ടപ്പാറ തറവാട്ടു വീട്ടുവളപ്പിൽ പൊലീസ് ഗാർഡ് ഓഫ് ഓണറിനുശേഷം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുംവേണ്ടി കോഴിക്കോട് സബ് കലക്ടർ ശ്രീധന്യ സുരേഷ് റീത്ത് സമർപ്പിച്ചു. ചലച്ചിത്ര അക്കാദമി കോഓർഡിനേറ്റർ നവീൻ, ഭാരവാഹികളായ എൻ വി ബിജു, എ സി പി വാസുദേവൻ, നാടക സംവിധായകൻ മുരളി മേനോൻ, കവി അൻവർ അലി, നാടകരംഗത്തെ സാംകുട്ടി പട്ടങ്കരി, രേണു രാമനാഥ്, സിപിഐഎം കക്കോടി ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
സംഗീത സംവിധായകൻ ചന്ദ്രൻ വെയാട്ടുമ്മലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള നാടക സംഗീതരംഗത്ത് ശ്രദ്ധേയനായ അദ്ദേഹം സിനിമകൾക്ക് സംഗീതം ചെയ്തും ജനമനസ്സിൽ ഇടം നേടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.