'ബ്ലാക്ക് ബട്ടർ ഫ്ലൈ' മികച്ച രചന
- വാർത്ത - ലേഖനം
ബഹ്റൈൻ പ്രതിഭയുടെ രണ്ടാമത് അന്തർദേശീയ നാടക അവാർഡ് "പപ്പൻ ചിരന്തന പുരസ്ക്കാരം", ശ്രീ സതീഷ് കെ സതീഷ് രചിച്ച 'ബ്ലാക്ക് ബട്ടർ ഫ്ലൈ' എന്ന നാടകത്തിന് ലഭിച്ചു.
വർഷങ്ങളായി നാടകരംഗത്ത് നിറ സാന്നിദ്ധ്യമായ സതീഷ് കെ സതീഷ് കോഴിക്കോട് സ്വദേശിയാണ്.
കഴിഞ്ഞ മുപ്പത്തിയൊമ്പത് വര്‍ഷമായി ബഹ്റൈന്‍ മലയാള നാടക രംഗത്ത് സജീവമായി നിലകൊള്ളുന്ന ബഹ്റൈന്‍ പ്രതിഭയുടെ ആദ്യ ‘പപ്പൻ ചിരന്തന നാടക രചന അവാര്‍ഡും’ പ്രതിഭയുടെ രണ്ടാമത് അന്താരാഷ്ട്ര നാടക രചന അവാർഡുമാണിത്.
കേരളത്തിലും പ്രവാസ ലോകത്തിലും തന്റെ അടങ്ങാത്ത നാടക ദാഹവുമായി പ്രവർത്തിച്ച കലാകാരനായിരുന്നു കണ്ണൂർ പയങ്ങാടി സ്വദേശി പപ്പൻ ചിരന്തന. അതിന് അദ്ദേഹത്തിന് ആരോഗ്യമോ, സാമ്പത്തികമോ ഒന്നും തടസ്സമായിരുന്നില്ല. അതിരാവിലെ ഉണർന്ന് മനാമ സെൻട്രൽ മാർക്കറ്റിലെ തന്റെ ജോലി സ്ഥലത്ത് എത്തുന്ന അദ്ദേഹം പകലന്തിയോളം പണിയെടുത്തശേഷം റിഹേഴ്സൽ ക്യാമ്പിൽ എത്തി രാത്രി അതിവൈകിയാണ് നാടക അരങ്ങിൽ നിന്നും ഉറങ്ങാൻ പോയിരുന്നത്. സംവിധായകനായും, നടനായും ബഹ്റൈൻ പ്രതിഭയുടെ അനവധി നാടകങ്ങളെ ചുമലിലേറ്റി വിജയിപ്പിച്ച അത്യുജ്ജല നാടക കലാകാരനായിരുന്നു പപ്പൻ ചിരന്തന. നാടകത്തിന്റെ എല്ലാ മേഖലയിലും, സിനിമയിലും അഭിനയിച്ച് കാലത്തിനുമപ്പുറത്തേക്ക് സഞ്ചരിച്ച പപ്പൻ ചിരന്തനയുടെ പേരിൽ വർഷാവർഷം നാടക രചനക്ക് മാത്രമായി ഒരവാർഡ് പ്രവാസമണ്ണിൽ നിന്നും നൽകുന്നതിൽ പ്രതിഭ അഭിനന്ദനം അർഹിക്കുന്നു
25,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രതിഭ നാടക വേദി പ്രത്യകം തയ്യാര്‍ ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈയിടെ അന്തരിച്ച പ്രശസ്ത നാടക രചയിതാവ് രാജശേഖരൻ ഓണം തുരുത്തിനായിരുന്നു പ്രഥമ പ്രതിഭ നാടക അവാർഡ് ലഭിച്ചത്.
പുരസ്കാര സമർപ്പണം 2023 ഡിസംബറില്‍ കേരളത്തിന്റെ സാംസ്ക്കാരിക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദന് ചെയര്‍മാനായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 2021 ന് ശേഷം രചിച്ച പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലികമായ മലയാള നാടക രചനകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.
കേരള നാടക വേദിയിലെ അറിയപ്പെടുന്ന മികച്ച നാടക എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അയച്ച നാല്പത്തിയാറ് നാടക രചനകളില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രശസ്ത നാടക പ്രവര്‍ത്തകനും നാടക രചയിതാവും സംവിധായകനുമായ ഡോ. സാം കുട്ടി പട്ടംകരി ജൂറി അംഗമായിരുന്നു.
ബഹ്റൈൻ പ്രതിഭക്കും പുരസ്കാരത്തിന് അർഹനായ പ്രിയ നാടക ബന്ധു ശ്രീ സതീഷ് കെ സതീഷിനും മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മ യായ ലോക നാടക വാർത്തകളുടെ നാടക അഭിവാദ്യങ്ങൾ.