സാഹിത്യ അക്കാദമിയില്‍ അടിച്ചു ഫിറ്റായി അടിപിടി, തെറിവിളി; സുരക്ഷാ ജീവനക്കാരനുനേരെ കയ്യേറ്റം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശൂർ: കേരള സാഹിത്യ അക്കാദമി പരിസരത്ത് മദ്യപന്മാരുടെ തമ്മിൽത്തല്ല്. അടിപിടി മൂത്തപ്പോൾ പുറത്തുപോകാൻ പറഞ്ഞ സുരക്ഷാജീവനക്കാരനെയും ഇവർ കയ്യേറ്റം ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അക്കാദമിയിലെ നിത്യസന്ദർശകരായ ചിലരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. പരസ്പരം വാക്കേറ്റമുണ്ടാകുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
വാക്കേറ്റം മൂത്തതോടെ സുരക്ഷ ജീവനക്കാരെത്തി പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. പിന്നീട് ഇവർ സുരക്ഷ ജീവനക്കാരന് നേരെ തിരിഞ്ഞു. തെറിവിളികളും ബഹളവും തുടർന്നതോടെ അക്കാദമിയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ ചിലർ ഇടപെട്ടു. സുരക്ഷജീവനക്കാരനെ കയ്യേറ്റം ചെയ്തതയോടെ അധികൃതരോട് പരാതിപ്പെടുകയായിരുന്നു.
അധികൃതർ അറിയിച്ചത് അനുസരിച്ച് പൊലീസുകാരെത്തി മദ്യപരെ കൊണ്ടുപോയി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് കേരള സാഹിത്യ അക്കാദമി അധികൃതർ അറിയിച്ചു.