ശിവ പാർവതിമാരായി ബുള്ളറ്റോടിച്ച് തെരുവ് നാടകം; നടൻ അറസ്റ്റിൽ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഗുവാഹത്തി: ശിവനും പാർവതിയുമായി വേഷം ധരിച്ച് തെരുവിൽ നാടകം കളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ ദമ്പതികളിൽ ഭർത്താവ് അറസ്റ്റിൽ. അസമിലെ നാഗോണിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറയുന്നു.
കേന്ദ്ര സർക്കാരിനെതിരെ ദമ്പതികളായ ബ്രിഞ്ചി ബോറ, കരിഷ്മ എന്നിവരാണ് ശിവ പാർവതിമാരായി തെരുവു നാടകം കളിച്ച് പ്രതിഷേധിച്ചത്. ഇതിൽ ശിവന്റെ വേഷം ധരിച്ച ബ്രിഞ്ചി ബോറോക്കെതിരെ മതവികാരം വ്രണപ്പെടുത്തിയ സംഭവത്തിൽ കേസെടുത്താണ് അറസ്റ്റ്. ഇന്ധന, ഭക്ഷണം, നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനെതിരെയായിരുന്നു ദമ്പതികളുടെ പ്രതിഷേധം.
ഇരുവരും ബുള്ളറ്റോടിച്ച് ശിവ പാർവതിമാരായി തെരുവിൽ എത്തിയാണ് നാടക കളിച്ച് പ്രതിഷേധം നടത്തിയത്.
ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളാണ് പരാതി നൽകിയത്. ഹിന്ദു സനാതന ധർമത്തെ മുറിപ്പെടുത്തുന്നതാണ് ശിവ പാർവതി വേഷം ധരിച്ചുള്ള പ്രതിഷേധമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബൈക്കിൽ കോളജ് ചൗക്കിൽ എത്തിയാണ് നാടകം നടത്തിയത്. ബൈക്കിൽ ഇന്ധനം തീരുന്നതോടെയാണ് നാടകം തുടങ്ങുന്നത്.
വൻകിട മുതലാളിമാരുടെ താത്പര്യം മുൻ നിർത്തിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ആശങ്കയില്ലെന്നും ശിവന്റെ വേഷം ധരിച്ച നടൻ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും പരിഹാസമുണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനെതിരെ തെരുവിലിറങ്ങാനും പ്രതിഷേധിക്കാനും അദ്ദേഹം ചുറ്റുമുള്ള കാഴ്ചക്കാരോട് ആവശ്യപ്പെടുന്നു.
വിവിധയിടങ്ങളിൽ ഇതിനോടകം നാടകം അവതരിപ്പിച്ച ദമ്പതികൾ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് സംഘടനകൾ ആരോപിച്ചു.