വയലാര്‍ അവാർഡ് ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: സാഹിത്യകാരൻ ബെന്യാമിന് വയലാർ അവാർഡ്. “മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ” എന്ന കൃതിക്കാണു പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവുമാണ് അവാർഡ്.
തന്റെ ആത്മാംശം വളരെയധികം തന്നെയുള്ള കൃതിയ്ക്കു തന്നെ വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബെന്യാമിന് പ്രതികരിച്ചു. താന്‍ വളര്‍ന്നുവന്ന ചുറ്റുപാടിലെ രാഷ്ട്രീയബൗദ്ധിക ചുറ്റുപാടുകള്‍ കൊണ്ട് നിര്‍മിതമായ ഒരു സൃഷ്ടിയെന്ന നിലയിലും തിരുവിതാംകൂറിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിലും 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവല്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ബെന്യാമിന് പറഞ്ഞു.
വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം നല്‍കും. കെ.ആർ.മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ. സി.ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ.