പ്രമുഖ നാടക പ്രവർത്തകരും കോഴിക്കോട് തിയറ്റർ കൾച്ചർ, നാടക് തുടങ്ങിയ നാടക കൂട്ടായ്മകളും നൽകിയ വിയോജന കുറിപ്പിന് മറുപടിയുമായി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി പ്രഭാകരൻ പഴശ്ശി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിവലിലെ കലാസൃഷ്ടികളുടെ തിരഞ്ഞെടുപ്പ് സുതാര്യമല്ല എന്ന് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അക്കാദമി സെക്രട്ടറി പ്രഭാകരൻ പഴശ്ശിയുടെ മറുപടി വായിക്കാം.
ദുരിത കാലത്തിന്റെ നിരാശയില്‍ നിന്ന് പുതുവര്‍ഷത്തിന്റെ പ്രത്യാശയിലേക്ക് ഒരു ഹോപ് ഫെസ്റ്റിവല്‍
2020 ജനവരിയില്‍, സാംക്രമികരോഗ ഭീഷണിയുടെ തുടക്കത്തില്‍ കേരള സംഗീതനാടക അക്കാദമി നടത്തിയ ഇറ്റ്ഫോക്കിനു ശേഷം 2021 ലെ ഇറ്റ്ഫോക് പ്രാവര്‍ത്തികമാക്കാനുള്ള പല വിധത്തിലുള്ള പരിശ്രമങ്ങളും കൊവിഡ് ഭീകരാക്രമണം കാരണം ഫലവത്തായില്ല. ഓരോ തവണ മുമ്പോട്ടു പോകുമ്പോഴും വിവിധ തരത്തിലുള്ള വിഘ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. കഠിനമായ നിയന്ത്രണങ്ങളുടെ ഫലമായി ഇറ്റ്ഫോക് 2021 മുടങ്ങുന്ന സാഹചര്യത്തില്‍ വര്ഷാന്തവേളയില് ഹോപ് എന്ന പുതിയൊരു ഹ്രസ്വകാല സംഗീത - നാടകമേളയാണ് നിര്‍വ്വാഹക സമിതി തീരുമാനപ്രകാരം പ്ലാന്‍ ഫണ്ടുപയോഗിച്ച് അരങ്ങിലെത്തിക്കാന്‍ അക്കാദമി ശ്രമിക്കുന്നത്.
ഇത് ഇറ്റ്ഫോക്കല്ല. എന്നാല്‍ ഇറ്റ്ഫോക് നടത്താനാകാതെ വന്ന വേളയില്‍ പെട്ടെന്ന് സംഘടിപ്പിക്കുന്ന പുതിയൊരു കലാസമ്മേളനമാണ്. സംഗീതവും നാടകവും മാത്രമല്ല, ഇതര കലാ വിഭാഗങ്ങള്‍ക്കും ഹോപ് ഫെസ്റ്റിവലില്‍ ഇടമുണ്ട്. ഇറ്റ്ഫോക്കിന്റെ ആദ്യ പതിപ്പുകളിലെന്നപോലെ സെലക്ഷനു വേണ്ടി അപേക്ഷ ക്ഷണിക്കാനും സ്വീകരിക്കാനും വിലയിരുത്താനും സമയമുണ്ടായിരുന്നില്ല എന്നതിനാല്‍ ഹോപ് ഫെസ്റ്റിവലില്‍ ക്യൂറേഷന് മാത്രമേ സാദ്ധ്യമാവുകയുള്ളൂ. ഇറ്റ്ഫോക്കിനു സമാനമല്ലെങ്കിലും കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും മറ്റും നാടക - സംഗീതകലാകാരന്മാര്‍ക്ക് അവസരം നല്കുന്ന പുതിയൊരു ഹ്രസ്വ വര്‍ഷാന്ത ആര്‍ട് ഫെസ്റ്റിവലായി ഹോപ് എല്ലാ വര്‍ഷവും അരങ്ങേറുകയാണെങ്കില്‍ അത് കേരള സര്‍ക്കാരിനും അക്കാദമിക്കും മാത്രമല്ല, കലാസമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായിരിക്കും. ഇത്തരം ഫെസ്റ്റിവലുകള്‍ നേരത്തെ പ്ലാന്‍ ചെയ്ത് നടപ്പിലാക്കുമ്പോള്‍ അറിയിപ്പും സെലക്ഷന് കമ്മറ്റിയും ജനാധിപത്യവുമൊക്കെ നടപ്പിലാവുകയും ചെയ്യും.
ഒന്നും ചെയ്യാതിരിക്കുമ്പോള്‍ വിമര്‍ശനമുണ്ടാവില്ല, എന്തെങ്കിലും ചെയ്യുമ്പോഴാണ് വിമര്‍ശനവും അനാവശ്യ വിവാദവുമുണ്ടാകുക എന്ന് അക്കാദമിക്കറിയാം. തടസ്സങ്ങളും വിവാദങ്ങളും അനാവശ്യ വിമര്ശനങ്ങളുമില്ലാത്ത ഇറ്റ്ഫോക് 2022 നായി നമുക്ക് ഒരുമിക്കാം. ഹോപ് ഫെസ്റ്റിന്റെ ആമുഖമെന്ന നിലയില്‍ ഇറ്റ്ഫോക്കിന്റെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ചരിത്രം പുസ്തകമാക്കാനും ഫോട്ടോ പ്രദര്‍ശനത്തിലൂടെ ജനങ്ങളിലെത്തിക്കാനും അക്കാദമി നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി എങ്ങനെ ഇറ്റ് ഫോക് കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ അക്കാദമി നേരത്തേ ആലോചിച്ചതുമാണ്. മുന്സംഘാടകരും അണിയറ - മുന്‍നിര പ്രവര്‍ത്തകരും അണിനിരക്കുന്ന ഈ സംവാദ വേളയില്‍ നമുക്ക് ഇറ്റ്ഫോക്കിനായി കുറച്ചു സമയം മാറ്റിവയ്ക്കാം.
നിരന്തരമായ രോഗാതുരതയുടേയും നിരാശയുടെയും അസ്വസ്ഥതയുടേയും അനാഥത്വത്തിന്റേയും നാളുകളില്‍ നിന്ന് മുക്തമായി പ്രത്യാശയുടെ കലാകാലത്തിലേക്കു തുറക്കുന്ന ഒരു വാതായനമാണ് ഹോപ് ഫെസ്റ്റ്. വ്യത്യസ്തമായ രീതിയില്‍ കലകള്‍ക്കായി പുതുതായി പടുത്തുയര്‍ത്തുന്ന ഈ പ്ലാറ്റ്ഫോം കലാ,സാംസ്കാരിക നാടക പ്രവര്‍ത്തകര്‍ സഹര്‍ഷം സ്വാഗതം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
അഭിവാദനങ്ങളോടെ,
ഡോ. പ്രഭാകരന് പഴശ്ശി
സെക്രട്ടറി
കേരള സംഗീത നാടക അക്കാദമി
തൃശ്ശൂര്‍