എൽ.എൻ.വി തിയേറ്റർ ഇനീഷ്യേറ്റീവിന്റെ 'പാൻ ഡെമൻ' റിഹേർഴ്സൽ ഒന്നാം ഷെഡ്യൂൾ പൂർത്തിയായി.
ത്രിശ്ശൂർ:ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ നാടക സംഘമായ എൽ.എൻ.വി തിയേറ്റർ ഇനീഷ്യേറ്റീവിന്റെ പ്രഥമ നാടകം പാൻ-ഡെമൻ ആദ്യ ഷെഡ്യൂൾ റിഹേർസൽ പൂർത്തിയാക്കി. സാംസ്കാരിക അധിനിവേശവും വർഗ്ഗീയ ഫാസിസവും ഇല്ലാതാക്കിയ ഒരു ഇന്ത്യൻ ഗ്രാമത്തിന്റെ കഥ പറയുന്ന നാടകം ഫെബ്രവരിയിൽ ആദ്യ പ്രദർശനം നടക്കും. ചുറ്റും പ്രേക്ഷകരിരിക്കുന്ന നാടക സങ്കേതമായ അരീനാ തിയേറ്ററിൽ ആണ് നാടകം ചിട്ടപ്പെടുത്തുന്നത്. നാടക രചനയ്ക്ക് മൂന്ന് തവണ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ സുനിൽ കെ ചെറിയാനാണ് നാടകം രചിച്ചിട്ടുള്ളത്.നാടക സംവിധാനത്തിനും രചനയ്ക്കും രണ്ട് തവണ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും 2020 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ എൽ.എൻ.വി ചീഫ് അഡ്മിനും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽ ക്കാവ് ആണ് നാടക സംവിധാനം. അഭിനയത്തിന് നിരവധി തവണ സംസ്ഥാന പുരസ്കാരം നേടിയ സത്യജിത്ത് ,സീരിയൽ നാടക നടൻമാരായ സുരേഷ് തിരുവാലി,ഷിജിത്ത് മണവാളൻ,നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയകലയിൽ ബുരുദം നേടിയ നിധി .എസ് ശാസ്ത്രി ,അമേച്ച്വർ നാടക വേദിയിലെ ശ്രദ്ധേയ നടൻമാരായ സുധാകരൻ ചൂലൂർ ,യോഗേഷ് കൃഷ്ണൻ, ഗോവിന്ദരാജ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്ന പുരസ്കാരം നേടിയ പി.എൻ മോഹൻരാജും, പ്രവാസി നാടക പ്രവർത്തകൻ സുജിത്ത് കപിലയുമാണ് പ്രൊജക്ട് ഡിസൈൻ.നിരവധി സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഡോ:ഷിബു എസ്. കൊട്ടാരം ആണ് ദീപ സംവിധാനം.കലാസംവിധാനം ശശിധരൻ വെള്ളിക്കോത്ത്,ഗാനരചന രമേഷ് കാവിൽ ,അമേച്ചർ നാടക പ്രവർത്തകൻ ഗിരീഷ് കാരാടി സഹ സംവിധാനവും,അഞ്ജിത ടി.എ സഹസംവിധാവും നിർവ്വഹിക്കുന്നു.