ഭരത് മുരളി നാടകോത്സവം ജനുവരി ആറിന് തുടങ്ങും
- വാർത്ത - ലേഖനം
അബുദാബി: മലയാള നാടകങ്ങളുടെ പ്രാധാന്യമറിയിച്ചുകൊണ്ട് പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം അബുദാബി സോഷ്യൽ സെന്ററിൽ ജനുവരി ആറിന് ആരംഭിക്കും. കോവിഡ് കാരണം രണ്ടുവർഷമായി നാടകോത്സവം ഉണ്ടായിരുന്നില്ല. വിദേശത്തുസംഘടിപ്പിക്കുന്ന ഏറ്റവും വലിയ മലയാള നാടകോത്സവമാണിത്. ഒരുമണിക്കൂറിൽ കുറയാത്തതും പരമാവധി രണ്ടുണിക്കൂർ ദൈർഘ്യമുള്ളതുമായ നാടകങ്ങളാണ് ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിക്കേണ്ടത്.
പങ്കെടുക്കുന്ന നാടകസമിതികളും സംഘടനകളും ഡിസംബർ അഞ്ചിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിണമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങളുടെ സ്ക്രിപ്റ്റുകളുടെ പകർപ്പുകൾ സംഘാടകസമിതിക്ക് മുൻകൂട്ടി സമർപ്പിക്കണം. നാടകോത്സവത്തിന് അനുബന്ധമായി യു.എ.ഇ. യിലെ നാടകരചയിതാക്കൾക്കായി അരമണിക്കൂർ അവതരണദൈർഘ്യമുള്ള ഏകാങ്കനാടക രചനാമത്സരവും സംഘടിപ്പിക്കുന്നു.
മത്സരത്തിനയക്കുന്ന സൃഷ്ടികൾ മൗലികമായിരിക്കണം, വിവർത്തനങ്ങളോ മറ്റുനാടകങ്ങളുടെ വകഭേദങ്ങളോ ആയിരിക്കരുത്. കഥ, നോവൽ തുടങ്ങിയവയെ ആസ്പദമാക്കിയുള്ള രചനകളും സ്വീകരിക്കില്ല. മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടാത്ത രചനകൾ യൂ.എ.ഇ. നിയമങ്ങൾക്കനുസൃതമായിരിക്കണമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു. നാടകരചയിതാവിന്റെ പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐ.ഡി. എന്നിവയുടെ കോപ്പികളും അബുദാബി സോഷ്യൽ സെന്ററിൽ സമർപ്പിക്കണം.
ഫോൺ: 026314455.