"എന്താണ് സ്ഥിരം നാടകവേദി?"
ചാക്കോ ഡി അന്തിക്കാട്
"ഇന്നത്തെ ചിന്താ വിഷയം":
"എന്താണ് സ്ഥിരം നാടകവേദി?"
(നവോത്ഥാന-പുരോഗമന പ്രസ്ഥാനത്തിന്റെ 'സാംസ്കാരിക നയം' ആയി മാറേണ്ടത്?)
രണ്ടുരീതിയിൽ കാണാം. ഒന്നാമതായി നാടകങ്ങൾക്കു മാത്രമായി ഒരു സ്ഥിരം സ്ഥലം. അവിടെ എന്നും പല സമിതികളുടെ നാടകങ്ങൾ ടിക്കറ്റ് എടുത്തോ അല്ലാതെയോ കാണാനുള്ള സൗകര്യം ഉണ്ട്. അതു ഗ്രാമങ്ങളിലും, നഗരങ്ങളിലുമാവാം?
NSD & സ്കൂൾ ഓഫ് ഡ്രാമകൾ അതിനുള്ള സ്ഥിരം സ്ഥലമാണെങ്കിലും എന്നും നാടകാവതരണമില്ലല്ലോ ? മാസത്തിൽ ഒരിക്കൽ (3 ദിവസം വരെ) പലരുടെയും
'എക്സാം പ്രൊഡക്ഷൻസ് ' അവതരണം സംഭവിക്കാം?
1982 മുതൽ അത് വിവിധ ക്യാമ്പസ്സുകളിൽ സംഭവിച്ചിട്ടുണ്ട്!ആഴ്ചയിൽ ഒരു നാടകം തൃശ്ശൂർ കേരളവർമ്മ കോളേജിൽ
"കളിയരങ്ങ്" (ജോസ് ചിറമ്മലിന്റെ നേതൃത്വം)സംഭവിച്ചു!
അപ്പോഴും ഡെയിലി നാടകം ഇല്ല!
1982-86 കാലയളവിൽ 3 ദിവസം നീണ്ടുനിൽക്കുന്ന "നാടകമാസം"
(തൃശ്ശൂർ 'റൂട്ട്. സംവിധാനം-ജോസ് ചിറമ്മൽ) സംഘടിപ്പിച്ചിട്ടുണ്ട്
ഓരോ ദിവസവും രണ്ടുമൂന്നു നാടകങ്ങൾ കളിക്കുക.(KSA ഹാൾ)
ചേറൂർ 'രംഗചേതന' നിരവധി നാടകങ്ങളുടെ മേള
(10 ദിവസങ്ങൾ നീണ്ടുനിന്ന "നാടകോത്സവം" വരെ)
തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ സംഘടിപ്പിച്ചിട്ടുണ്ട്.
അവരുടെ 'സൺഡേ തീയേറ്റർ' ഇപ്പോഴും തുടരുന്നു
(100 കണക്കിന് നാടകങ്ങൾ... വിവിധ സംവിധായകർ)
വേദി-ഒരേ സ്ഥലം. നാടകങ്ങൾ മാറിമാറി അവതരിപ്പിക്കും ..
2002 മുതൽ 2006 വരെ എന്റെ നേതൃത്വത്തിൽ ( തൃശ്ശൂർ PART)
കഥയും നാടകവും എന്ന പേരിൽ, 3 ദിവസത്തെ അടുപ്പിച്ചുള്ള നാടകോത്സവം സംഘടിപ്പിച്ചു . ഓരോ ദിവസവും മൂന്നുനാലു നാടകങ്ങൾ (പല സമിതികളുടെ-പല സംവിധായകരുടെ അവതരണങ്ങൾ നടന്നു. തൃശ്ശൂർ "നാട്യഗൃഹം"മൊത്തം 36 നാടകങ്ങൾ അവതരിപ്പിച്ചു .
അതുപോലെ സൂര്യ' ഡ്രാമ ഫെസ്റ്റ്' ,PRD' ഡ്രാമ ഫെസ്റ്റ് ,ITFOKKSNA' തിയേറ്റർ ഫെസ്റ്റുകൾ...എല്ലാം ഒരു സ്ഥലത്ത് പല നാടകങ്ങൾക്ക് വേദി കൊടുക്കുന്ന സംവിധാനമാണ്.
2005ൽ പി.എം.ആന്റണിയുടെ 'സൂര്യകാന്തി' തീയേറ്റേഴ്സ്
(കേരളം മുഴുവൻ സഞ്ചരിച്ച 'സൈക്കിൾ നാടക യാത്ര')
വിവിധ നാടകങ്ങൾ പല ഗ്രാമങ്ങളിൽ അവതരിപ്പിച്ചു .
രണ്ടാമത്തേത്.....
ഒരു നാടകം ഒരു സ്ഥലത്തു കേന്ദ്രീകരിച്ചു ദിവസങ്ങൾ / മാസങ്ങൾ കളിക്കുന്ന രീതിയാണ്.
1940കളിൽ ആർട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഭവിച്ചിട്ടുണ്ട്.
മൂന്നും നാലും ദിവസം ഒരേ നാടകം തന്നെ കളിക്കുന്ന രീതി
(ഉദാഹരണം :"യേശുചരിതം")
1960കൾ മുതൽ അതിന്റെ വിപുലമായ നേതൃത്വം കൃഷ്ണൻനായരുടെ നേതൃത്വത്തിൽ
'കലാനിലയം' നാടകവേദിക്കാണ്. കേരളത്തിന്റെ നാടക ചരിത്രമറിയുന്നവർ അംഗീകരിച്ചിട്ടുള്ളതാണിത് .
1മാസം മുതൽ 6 മാസം വരെ ഒരേ നാടകം , ചിലപ്പോൾ പല നാടകങ്ങൾ മാറിമാറി-കേരളത്തിലും ഇന്ത്യയിലും അവതരിപ്പിക്കപ്പെട്ടു...
ആയിരക്കണക്കിന് പ്രേക്ഷകർ ടിക്കറ്റ് എടുത്തുതന്നെ നാടകങ്ങൾ ആസ്വദിച്ചു!
1983 - 84 വർഷത്തിൽ സി.കെ.തോമസിന്റെ നേതൃത്വത്തിൽ "എച്ചേ ഹോമ" ("ക്രിസ്തു ചരിതം") തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലും "ആ മനുഷ്യൻ നീ തന്നെ" (2012/13 ആണെന്ന് തോന്നുന്നു ) ശക്തൻ നഗറിലും സംഘടിപ്പിക്കപ്പെട്ടു!
10 ദിവസം 60000 പേരെങ്കിലും(അതോ , ഒരുമാസമോ?-അപ്പോൾ 2 ലക്ഷം കാണികൾ വരും) കണ്ടുകാണണം!
പള്ളിയുടെ സംഘാടനമാണല്ലോ! എല്ലാ വിശ്വാസികളും കൃത്യമായി സീറ്റുകൾ സ്വന്തമാക്കി നാടകം കണ്ടു!)
കേരളത്തിൽ സ്കൂൾ & യൂണിവേഴ്സിറ്റിയും കേരള സംഗീത നാടക അക്കാദമിയുമടക്കം പല ഗ്രാമീണ അമേച്വർ &പ്രൊഫഷണൽ നാടക മത്സരങ്ങളും സംഘടിപ്പിക്കപ്പെടുമ്പോൾ,ഒരേ സ്ഥലത്ത് (1 മുതൽ 10ദിവസങ്ങൾ വരെ.) പലരുടെയും നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്ന അത്ഭുതകരമായ ചരിത്രമുണ്ട്!
സ്കൂൾ & യൂണിവേഴ്സിറ്റി നാടകങ്ങൾ മാത്രം കണക്കെടുത്താൽ ഒരു വർഷം (സബ്ജില്ലാ-ജില്ലാ-സ്റ്റേറ്റ് വരെ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് & സ്കിറ്റ് ) മിനിമം 3000ത്തിലധികം നാടകങ്ങൾ വരും.14 ജില്ലകളിലായി പ്രൊഫഷണൽ കോളേജ്, പോളി ടെക്നിക്കുകൾ, കേരളോത്സവം& ക്ലബ് വാർഷികങ്ങൾ കൂടിയായാൽ മൊത്തം 5000 നാടകങ്ങൾ വരും!
മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാനാവാത്ത നാടക ചരിത്രം!
2015 നു ശേഷം 3 ദിവസം ഒരു നാടകം മാത്രം ടിക്കറ്റ് എടുത്തു കാണുക എന്ന രീതിയാണ് അനുവദിക്കാവുന്നത് .
("ഖസാക്കിന്റെ ഇതിഹാസം(ദീപൻ ശിവരാമൻ)", "നുണ"(ജിനോ ജോസഫ്), "കുരുതി" (അഭിമന്യു വിനയകുമാർ)
ശശിധരൻ നടുവിലിന്റെ നേതൃത്വത്തിൽ "റിമെംബ്രൻസ് തീയേറ്റർ" വല്ലച്ചിറയിൽ ശ്രമിക്കുന്നത് "സ്ഥിരം നാടകം വേദി"യുടെ ഒരു സമഗ്ര രൂപമാണ്. ഒരേ സ്ഥലം പലരുടെയും പല നാടകങ്ങൾ...മറ്റു കലാ പ്രവർത്തനങ്ങൾ ഇപ്പോൾ മാസത്തിൽ ഒരിക്കലാണെങ്കിൽ (3 ദിവസം വരെ വരാം?) നാളെ എല്ലാ ദിവസവും എന്ന രീതിയിൽ വികസിപ്പിച്ചേക്കാം?
"അതൊരു 'യൂണിവേഴ്സൽ ഇവന്റ്' ആയി രേഖപ്പെടുത്തപ്പെടും!
എറണാകുളത്ത് പ്രൊഫ.ചന്ദ്രദാസന്റെ നേതൃത്വത്തിൽ 'ലോകധർമ്മി', കോട്ടയം ജില്ലയിൽ ജോൺ ടി. വേക്കന്റെ നേതൃത്വത്തിൽ'വൈക്കം തിരുനാൾ നാടക വേദി'. രഘുത്തമൻ നേതൃത്വം കൊടുക്കുന്ന തിരുവന്തപുരം 'അഭിനയ,' ആറങ്ങോട്ടുകര കെ.വി.ശ്രീജയുടെ നേതൃത്വത്തിൽ കലാ പാഠശാല', വടകര സുവീരന്റെ സംവിധാനത്തിൽ 'ബാക്ക് സ്റ്റേജ്', കോഴിക്കോട്ട് ടി .സുരേഷ് ബാബു നേതൃത്വം വഹിക്കുന്ന 'നാടക ഗ്രാമം', കൊല്ലം,നീരാവിൽ 'പ്രകാശ് കലാകേന്ദ്രം', നൂറനാട് സുകുവിന്റെ സംവിധാനത്തിൽ ആലപ്പുഴ 'ബോധി', പാലക്കാട് കടമ്പഴിപ്പുറത്ത് നരിപ്പറ്റ രാജുവിന്റെ നേതൃത്വത്തിൽ'നാട്യശാസ്ത്ര' ,
എറണാകുളത്ത് പെരുമ്പാവൂർ 'സുവർണ്ണ തീയേറ്റേഴ്സ്', മുളംതുരുത്തിയിൽ മനു ജോസിന്റെ മേൽനോട്ടത്തിൽ 'ആല' ,തിരുവന്തപുരത്തെ 'രംഗപ്രഭാത്',ഷൊർണൂർ- അഭിമന്യു വിനയകുമാർ ഡയറക്ടർ ആ "ജനഭേരി', കൊച്ചിയിൽ 'പി.ജെ.ഫൌണ്ടേഷൻ', ആലപ്പുഴ- പി.എം.ആന്റണി ഫൌണ്ടേഷൻ', തൃശ്ശൂർ-വേലൂർ 'ഗ്രാമോത്സവം',പാലക്കാട് കണ്ണന്റെ സംഘാടനത്തിൽ 'നവരംഗ്,' മലപ്പുറത്ത് അരുൺലാലിന്റെ 'ലിറ്റിൽ എർത്ത് തിയേറ്റർ', കാഞ്ഞങ്ങാട് 'കുമ്മുറു' ഡ്രാമ ഫെസ്റ്റ്
(ഈ ലിസ്റ്റ് അപൂർണ്ണം .കൂടുതൽ അറിയുന്നവർ പൂരിപ്പിക്കുമല്ലോ?)
ശ്രീജിത്ത് പൊയിൽക്കാവിന്റെ നേതൃത്വത്തിൽ, LNV(ലോക നാടക വാർത്തകൾ) യുടെ ഓൺലൈൻ ലഘുനാടകമത്സരങ്ങൾ,
കൊറോണ സൃഷ്ടിച്ച ഏകാന്തതയ്ക്കുള്ള പരിഹാരമായുള്ള, 'സർഗ്ഗാത്മക മറുമരുന്നാ'യി കാണണം.
നാളെ കോവിഡ് ഇളവുകൾ ലഭിച്ചാൽ, ഈ ലഘുനാടകങ്ങളെല്ലാം, ഗ്രാമീണ സദസ്സുകളിൽ, വീട്ടുമുറ്റ നാടകങ്ങളായി, സ്ഥിരമായി,
എല്ലാ വാർഡുകളിലും, അവതരിപ്പിക്കാവുന്നതാണ്.
എല്ലാവരും ലക്ഷ്യം വയ്ക്കുന്നത് നാടകരംഗത്തെ സമകാലികമായ സ്ഥിരം ഇടപെടലാണ്...
ഇനിയും ധാരാളം സമിതികൾക്ക് ഇങ്ങനെയുള്ള 'നാടക സ്വപ്നങ്ങൾ'പങ്കു വയ്ക്കാനാവും ? തുറന്നെഴുതുക..
സത്യത്തിൽ ബോംബെ 'പൃഥ്വി' തീയേറ്റർ രീതിയിൽ
365 ദിവസവും നാടകം കളിക്കുന്ന 'യഥാർത്ഥ നാടക സംസ്കാരം ' ആണ് കേരളത്തിൽ വരേണ്ടത്...
അതിന് ഗൾഫുകാരും , സിനിമാക്കാരും, പൂത്ത പണമുള്ള മുതലാളിമാരും, കൂട്ടത്തിൽ ഗവണ്മെന്റ് - തദ്ദേശ സംവിധാനവും, ഒപ്പം ടിക്കറ്റെടുക്കുന്ന നാട്ടുകാരും സഹൃദയരും, മനസ്സിൽ/ദിനചര്യയിൽ, ഉറങ്ങണമെങ്കിൽ 2 പെഗ് എന്നതുപോലെ, "നാടക ലഹരിയും" വേണം എന്നു തീരുമാനിക്കണം...
"My Home-Our-Theatre" എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി എന്റെ വീടും പരിസരവും
"നാടക സാധകം" എന്ന പേരിൽ, 2019 ജൂലൈ 6ന് ഡോ. സി.രാവുണ്ണി ഉദ്ഘാടനം ചെയ്തു.
(2020 മാർച്ച് 27 മുതൽ,ആൽബങ്ങളും, ടെലി ഡ്രാമകളും, പ്രഭാഷണങ്ങളുമടക്കം, 30ഓളം 'വർക്കു'കൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് @ChackoDAnthikad Films)
2020 നവംബർ 3 മുതൽ "SNAP"(S-itting N-arration & A-cting P-raxis)എന്ന, ഇരുന്നുള്ള മനോധർമ്മാഭിനയം,
ഈ 'കൊറോണ ലോക്ക് ഡൌൺ' കാലത്തു വികസിപ്പിച്ചെടുത്തതും,(2021 ആഗസ്റ്റ് 15 വരെ 41എണ്ണം -1 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ ദൈർഘ്യം..എന്റെ FB യിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്).
എല്ലാം ഒരു തയ്യാറെടുപ്പാണ്. നാളത്തെ, "സ്ഥിരം നാടക വേദി" എന്ന സങ്കല്പത്തിനുള്ള, എളിയ സംഭാവന എന്ന രീതിയിലാണ്!
യഥാർത്ഥ "സ്ഥിരം നാടക വേദി"ക്ക് വിപുലമായ സംഘാടനവും സാംസ്കാരിക നയവും വേണം .
ഇവിടെയുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും വേണം.
പ്രത്യേകിച്ചും, ഇടതു-പുരോഗമന പ്രസ്ഥാനങ്ങൾക്ക്!?
സ്ഥിരം നാടകവേദി...
(കുട്ടികളുടെ നാടകവും,സോളോകളും, ലഘു നാടകങ്ങളും, 'സിലബസ്' നാടകങ്ങളും, വലിയ നാടകങ്ങളും, സ്ത്രീ ശാക്തീകരണ നാടകങ്ങളും, തെരുവു നാടകവുമടക്കം),941 പഞ്ചായത്തുകളിലും
സാധ്യമായാൽ, ഇവിടെ "സാംസ്കാരിക വിപ്ലവം" നടക്കും!...
സ്വന്തം നാട്ടിലെ എഴുത്തുകാരെ, അഭിനയത്തിലൂടെ നാട്ടുകാർക്ക് പരിചയപ്പെടുത്തുകയും, ലക്ഷ്യമാകണം!...
തുറന്ന ചർച്ചയ്ക്കായി ഇത്രയും കാര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു .
25 കലാസമിതികൾക്ക് 2 ലക്ഷം വീതം KSNA വഴി ലഭിക്കാൻ പോകുന്നത് സ്ഥിരം നാടക വേദിക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
അതായത്, ഓരോ ജില്ലയിലും ഈ 25 നാടകങ്ങൾ, 25 ദിവസങ്ങൾ അവതരിപ്പിക്കാനുള്ള സംഘാടനം കൂടി നടന്നാൽ, അതൊരു ഗംഭീര ചരിത്രസംഭവമാകും!
2020 ഗവണ്മെന്റ് ബഡ്ജറ്റിലെ അമേച്ച്വർ നാടകക്കാർക്കുള്ള 3 കോടിയുടെ ഫണ്ട് എന്തായി?
3 ലക്ഷം വീതം 100 സമിതികൾക്കുള്ള വിഹിതം?
ആർക്കറിയാം?
KSNA യ്ക്ക് അറിയാമോ
LDF തുടർഭരണം നാടകക്കാർക്ക് വലിയ പ്രതീക്ഷകൾ തരുമെന്ന വിശ്വാസത്തോടെ...
ചാക്കോ ഡി അന്തിക്കാട്