മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് ഇശലുകളുടെ ഇഷ്ടതോഴൻ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മുഴുപ്പിലങ്ങാട്(കണ്ണൂർ) ∙ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് പീര്‍ മുഹമ്മദ്(75) അന്തരിച്ചു. പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്ത ഗാനങ്ങളാണ്. ദൂരദര്‍ശനില്‍ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചതിലൂടെയും ശ്രദ്ധേയനായി. തെങ്കാശിയില്‍ ജനിച്ച പീർ മുഹമ്മദ് പിതാവിനൊപ്പം തലശ്ശേരിയിലേക്ക് വരികയായിരുന്നു. നാലാം വസ്സുമുതല്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഏഴാം വയസ്സില്‍ അദ്ദേഹത്തിന്റെ പാട്ട് റെക്കോര്‍ഡു ചെയ്തു. പീര്‍ മുഹമ്മദിന്റേതായി പതിനായിരത്തിലധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കേരള ഫോക്ലോർ അക്കാദമി അവാർഡ്, എ.വി.മുഹമ്മദ് അവാർഡ്, ഒ അബു ഫൗണ്ടേഷൻ അവാർഡ്, മുസ്ലിം കള്‍ച്ചറൽ സെന്റർ അവാർഡ്, ആൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് കേരള മാപ്പിള കല അക്കാദമി അവാർഡ്, മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.