അമേച്വര്‍ നാടകമേഖലയ്ക്ക് നാല്പത് ലക്ഷം രൂപയുടെ പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമി
- വാർത്ത - ലേഖനം
അമേച്വര്‍ നാടകമേഖലയുടെ ഉണര്‍വ്വിനും വളര്‍ച്ചയ്ക്കുമായി സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ 40 ലക്ഷം രൂപയുടെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 119 അമേച്വര്‍ നാടകങ്ങളാണ് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 നാടകങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അക്കാദമി ധനസഹായം നല്‍കും.
തൃശ്ശൂരിലെ പ്ലാറ്റ്ഫോം തിയേറ്റര്‍ ഗ്രൂപ്പിന്റെ അകലെ, അകലെ മോസ്കോ, കൊല്ലത്തെ വവ്വാക്കാവ് യൗവ്വന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ഇരുട്ട്, കാസര്‍കോട് വാണിയംപാറയിലെ ചങ്ങമ്പുഴ കലാകായിക വേദിയുടെ ഏല്യ, വൈക്കത്തെ മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്സ് സൊസൈറ്റിയുടെ കഥാകൃത്തിനും കഥാപാത്രങ്ങള്‍ക്കും സംഭവിച്ചത്, ആറങ്ങോട്ടുകര കലാപാഠശാലയുടെ കുരുത്താലി (ദി പ്രൊഫൈല്‍ അണ്ലോയ്ഡ്), കോഴിക്കോട് കുന്ദമംഗലത്തെ ചിലങ്ക ഫ്്്ളോട്ടിങ് തിയറ്ററിന്റെ കൊതി, തിരുവനന്തപുരം പൂജപ്പുരയിലെ തിയേറ്റര്‍ ഓഫ് ഗുഡ്്്ഹോപ്പിന്റെ ഗുസ്തി, കോഴിക്കോട് ചേമഞ്ചേരി പൂക്കാട് കലാലയത്തിന്റെ ചിമ്മാനം, കണ്ണൂരിലെ സംഘം പയ്യന്നൂരിന്റെ തീമാടന്‍, ഇടുക്കിയിലെ കട്ടപ്പന ദര്‍ശന കലാകേന്ദ്രത്തിന്റെ തോറ്റവരുടെ യുദ്ധങ്ങള്‍, കോഴിക്കോട്ടെ സേവക് പുതിയറയുടെ ദാസരീയം, തൃശ്ശൂരിലെ അമ്മ കലാക്ഷേത്ര പല്ലിശ്ശേരിയുടെ നിലാവെളിച്ചം, പത്തനംതിട്ടയിലെ കലൈ കോവില്‍ സ്കൂള്‍ ഓഫ് ആര്‍ട്സ് പ്രമാടത്തിന്റെ നിറങ്ങള്‍... സമരങ്ങള്‍, തൃശ്ശൂരിലെ ചേര്‍പ്പ് നാടകപ്പുര കലാസമിതിയുടെ പ്ലാംയാ ല്യൂബ്യൂയ്, എറണാകുളം മുളന്തുരുത്തിയിലെ ആല സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് ആര്‍ട്ടര്‍നേറ്റീവ് എജുക്കേഷന്റെ പ്രവാചകന്, തൃപ്പൂണിത്തുറ ഭാസഭേരിയുടെ മാറാട്ടം, വടകര ഫിനിക്സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബിന്റെ വിശ്വാസം അഥവാ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദി, കണ്ണൂര്‍ നെരുവമ്പ്രത്തെ ജോളി ആര്‍ട്സിന്റെ സ്പോണ്‍സേര്‍ഡ് ബൈ, കൊല്ലത്തെ പ്രകാശ് കലാകേന്ദ്രത്തിന്റെ സ്വര്‍ഗ്ഗം, തൃശ്ശൂരിലെ നാടകസൗഹൃദത്തിന്റെ സൈ്വരിത പ്രയാണം എന്നീ 20 നാടകങ്ങളാണ് ധനസഹായത്തിന് തെരഞ്ഞെടുത്തത്.
അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി (മെമ്പര്‍ സെക്രട്ടറി), പ്രൊഫ.പി.ഗംഗാധരന്, ടി.എം അബ്രഹാം, എം.കെ മനോഹരന് എന്നിവരടങ്ങിയ ജൂറിയാണ് നാടകങ്ങള്‍ തെരഞ്ഞെടുത്തത്. ധനസഹായത്തിനായി അപേക്ഷിച്ച രചനകള്‍ നിലവാരം പുലര്ത്തുന്നവയായിരുന്നുവെന്നും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് അര്‍ത്ഥവത്തായി പ്രതികരിക്കുന്ന ഒരു തലമുറയുടെ പരിഛേദം ഈ നാടകങ്ങളില്‍ കാണാന്‍ കഴിഞ്ഞുവെന്നത് ഏറെ ആഹ്ലാദം നല്‍കുവെന്നും ജൂറി അംഗങ്ങള്‍ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങളുടെ രണ്ടുവീതം അവതരണം ഉള്‍പ്പെടുത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും മാസങ്ങളില്‍ വിപുലമായ രീതിയില്‍ അമേച്വര്‍ നാടകോത്സവങ്ങള്‍ സംഘടിപ്പിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അമേച്വര്‍ നാടകോത്സവം സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള പ്രേക്ഷകര്‍ക്ക് നാടകം കാണാനുള്ള അവസരം കൂടിയാണ് അക്കാദമി ഒരുക്കുന്നത്. വ്യത്യസ്ത കേന്ദ്രങ്ങളില്‍ അമേച്വര്‍ നാടകോത്സവങ്ങള്‍ സംഘടിപ്പിച്ച് പ്രേക്ഷകരുമായുള്ള സംവേദനത്തിലൂടെ പുതിയ ഭാവുകത്വവും സംവേദന സംസ്കാരവും രൂപപ്പെടുത്തിയെടുക്കുകയാണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.
അമേച്വര്‍ നാടക നിര്‍മ്മാണ പ്രേത്സാഹന പദ്ധതിയുടെ ധനസഹായത്തിന് നാടകങ്ങള്‍ തെരഞ്ഞെടുത്ത വിധികര്‍ത്താക്കളുടെ റിപ്പോര്‍ട്ട്
മലയാള നാടകത്തിന്റെ ഉണര്‍ച്ചയുടെയും വളര്‍ച്ചയുടെയും സാക്ഷ്യമായാണ് 119 നാടകരചനകളെ പരിശോധകരായ ഞങ്ങള്‍ കാണുന്നത്. കേരളത്തിലെ മിക്കവാറും ജില്ലകളില്‍ നിന്നും രചനകള്‍ വന്നിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. പൊതുവെ രചനകള്‍ നിലവാരം പുലര്‍ത്തുന്നവയാണ്. അതോടൊപ്പം രചനയുടെ മേഖലയിലുള്ള ഈ വളര്‍ച്ച തികച്ചും ആശാവഹമാണ്. ഗവണ്മെന്റും അക്കാദമിയും നടത്തുന്ന ശ്രദ്ധേയമായ ഈ പ്രൊജക്ട് ഇനിയുള്ള വര്‍ഷങ്ങളിലും തുടരേണ്ടതാണ് എന്ന് ഈ കമ്മിറ്റി നിര്‍ദേശിക്കുന്നു. തെരഞ്ഞെടുത്ത നാടകങ്ങളുടെ അവതരണം ഒരു കേന്ദ്രത്തില്‍വച്ച് നാടകോത്സവമായി നടത്തുന്നത് അമേച്വര്‍ നാടകത്തിന്റെ നിലവാരം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകരമായിരിക്കും. ഇന്ത്യന്‍ നാടകവേദിയുടെ പശ്ചാത്തലത്തില്‍ മലയാള നാടകവേദി എവിടെ എത്തി നില്ക്കുന്നു എന്ന് മൂല്യനിര്‍ണ്ണയം നടത്താനും ഇത് സഹായകരമാകും.
ചരിത്രത്തിലാദ്യമായാണ് നാടകത്തിന്റെ രചിതപാഠങ്ങള്‍ ഇത്രയധികം ഒരു ചെറിയ കാലയളവില്‍ രൂപം കൊള്ളുന്നത്.്അത് സംഗീത നാടക അക്കാദമി സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കിയ അമേച്വര്‍ നാടകസംഘങ്ങള്ക്കുള്ള ധനസഹായ പദ്ധതിയിലൂടെയാണ്. രചനയുടെയും രംഗാവതരണത്തിന്റെയും മേഖലയില്‍ വലിയ ഉണര്‍വ്വാണ് ഇതിലൂടെ സംഭവിച്ചിട്ടുള്ളത്.
സാമൂഹ്യയഥാര്ത്ഥ്യങ്ങളോട് അര്‍ത്ഥവത്തായി പ്രതികരിക്കുന്ന ഒരു തലമുറയുടെ പരിഛേദം ഈ രചിതപാഠങ്ങളില് കാണുന്നു എന്നത് ഏറെ ആഹ്ലാദം നല്‍കുന്നതാണ്. തീവ്രമായ സാമൂഹിക രാഷ്ട്രീയ ജീവിത യഥാര്‍ത്ഥ്യങ്ങള്‍ ഈ കൃതികളില്‍ പ്രതിഫലിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
നാടകകൃതികളുടെ അഭാവം പരിഹരിക്കാന്‍ ഇവയില്‍ നിന്നു തെരഞ്ഞെടുത്ത നാടകങ്ങളുടെ പ്രസിദ്ധീകരണം കേരള സംഗീത നാടക അക്കാദമി നിര്വ്വഹിക്കണമെന്നുകൂടി ഞങ്ങള്‍ നിര്‍ദേശിക്കുന്നു.