ബിച്ചു തിരുമലക്ക് എൽ.എൻ.വിയുടെ പ്രണാമം.
- ലേഖനം
സുനിൽ കെ ചെറിയാൻ
ശ്യാമിന് വേണ്ടി 130 ഗാനങ്ങൾ; എടി ഉമ്മറിനായി 97; രവീന്ദ്രൻ (83); എസ് പി വെങ്കിടേഷ് (73); ജോൺസൺ (53) ഇങ്ങനെയാണ് ബിച്ചു തിരുമല എന്ന ശിവശങ്കരൻ നായരുടെ പാട്ട് ക്രെഡിറ്റ്. മോഹനരാഗത്തിലാണ് കൂടുതൽ പാട്ടുകൾ എഴുതിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ വർഷം 1978 (74 പാട്ടുകൾ).
ബിച്ചു എഴുതിയ സിനിമാപ്പാട്ടുകളിൽ യേശുദാസ് പാടിയവയുടെ എണ്ണം 225. ചിത്ര, 65; ജാനകി, 64.
500-ലധികം ലളിതഗാനങ്ങൾ എഴുതിയവയിൽ 'മാമാങ്കം പലകുറി' അടക്കം ഹിറ്റ് ഗാനങ്ങളുമായി വന്ന 'വസന്തഗീതങ്ങളും' (രവീന്ദ്രൻ), 'ശരത് പൂർണ്ണിമ യാമിനി'യുള്ള 'ഹൃദയാഞ്ജലി'യുമാണ് (കണ്ണൂർ രാജൻ) പ്രശസ്തം. മനസിനെ മാംസത്തിൽ നിന്നുയർത്തേണമേ, മലയിൽ വാഴും ഭഗവാനേ..... എന്ന് ഒരു ഭക്തിഗാനത്തിൽ എഴുതി, അത് സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ എൻ മനോഫലകങ്ങളിൽ, അപ്പവും വീഞ്ഞുമായി (ശ്യാം) പ്രശസ്തം.
ബല്ലാത്ത ദുനിയാവ് എന്ന റേഡിയോ നാടകവും, കൊല്ലം ട്യൂണയുടെ 'അബ്കാരി'യിലേതടക്കം നാടകഗാനങ്ങളും, മകൻ സുമൻ സംഗീതം കൊടുത്ത ടിവി സീരിയൽ ഗാനങ്ങളും ബിച്ചുവിന്റെ മഷി പുരണ്ടു വന്നു.
ആ പ്രതിഭയ്ക്ക് എൽഎൻവിയുടെ അഞ്ജലികൾ!