മുതുകുളം അവാര്‍ഡ് - 2022
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിന്റെ (ബാലന്) തിരക്കഥാകൃത്തും മലയാള സിനിമയിലെ ആദ്യത്തെ ഗാനരചയിതാവും നടനും നാടകകൃത്തും കവിയുമായിരുന്ന മുതുകുളം രാഘവന്‍പിള്ളയുടെ പേരില്‍ 'കളിത്തട്ട് ' നല്കുന്ന 24-ാമത്തെ മുതുകുളം അവാര്‍ഡിന് പ്രവാസലോകത്ത് അരങ്ങിന്റെ സ്പന്ദനങ്ങള്‍ക്ക് വീണ്ടെടുപ്പു നടത്തുന്ന നാടകപ്രവര്‍ത്തകനും സംവിധായകനുമായ അന്‍സാര്‍ ഇബ്രാഹിം അര്‍ഹനായി. ചലച്ചിത്രരംഗം, നാടകരംഗം, മറ്റു സാംസ്കാരികമേഖലകള്‍ എന്നിങ്ങനെ ഓരോ വര്‍ഷവും മാറിമാറിയാണ് അവാര്‍ഡ് നല്‍കുന്നത്.
കൊല്ലം സ്വദേശിയാണ് അന്‍സാര്‍ ഇബ്രാഹിം. ഗവണ്മന്റ് കോളേജ് പ്രിന്‍സിപ്പാളായി വിരമിച്ച ഇബ്രാഹിം കുട്ടിയുടെയും പ്രധാനാദ്ധ്യാപികയായി വിരമിച്ച ബീഗം ഷാഹിദയുടെയും മകനാണ് അന്‍സാര്‍. കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ മസ്ക്കറ്റില്‍ ഇന്ത്യന്‍ സ്കൂളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയില്‍ക്കൂടി നാടകയാത്രകള്ക്കു തുടക്കം കുറിച്ചു. ഒമാനില്‍ കേരള സംഗീത നാടക അക്കാദമി പ്രവാസികള്‍ക്കായി സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗിനുവേണ്ടി 'മൃഗതൃഷ്ണ' എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് ഒമാനിലെ മസ്ക്കറ്റില്‍ നാടകപ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചു. 'മധുരിക്കും ഓര്‍മ്മകളേ ' എന്ന , മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണര്‍ത്തിയ നാടകഗാനങ്ങളിലൂടെ അതിന്റെ ദൃശ്യാവിഷ്ക്കാരം ചേര്‍ത്ത് സര്‍ഗസഞ്ചാരം എന്ന പരിപാടി ഗള്‍ഫില്‍ അവതരപ്പിച്ചു.
2015 ല്‍ തീയറ്റര്‍ ഗ്രൂപ്പ് മസ്ക്കറ്റ് എന്ന നാടക കൂട്ടായ്മ ഉണ്ടാക്കിയ അന്‍സാര്‍, തോപ്പില്‍ ഭാസിയുടെ അശ്വമേധം, മുടിയനായ പുത്രന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങള്‍ മസ്ക്കറ്റില്‍ തീയറ്റര്‍ ഗ്രൂപ്പിനുവേണ്ടി സംവിധാനം ചെയ്ത് അരങ്ങില്‍ അവതരിപ്പിച്ചു. ജയ്പാല് ദാമോദരന്‍, ഫ്രാന്‍സിസ് ടി. മാവേലിക്കര എന്നിവരുടെ നാടകങ്ങളും അന്‍സാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാള നാടകങ്ങള്‍ മറുരാജ്യത്ത് ഏറ്റവും ഭംഗിയായി സംവിധാനം ചെയ്ത് അവതരിപ്പിച്ചതിനാണ് മുതുകുളം അവാര്‍ഡ് നല്‍കുന്നത്. 2022 മാര്‍ച്ച് 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കായംകുളം,കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മെമ്മോറിയല്‍ നാഷണല്‍ കാര്‍ട്ടൂണ്‍ മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറിയില്‍ വച്ചാണ് അവാര്‍ഡു ദാനം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ മുതുകളം അവാര്‍ഡ് കായംകുളം എം. എല്‍. എ ശ്രീമതി. പ്രതിഭ സമ്മാനിക്കും. മുതുകുളം രാഘവന്‍പിള്ളയുടെ നാടകങ്ങളുടെ ചിത്രപ്രദര്‍ശനവും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.