മീഡിയ വണ്ണിന്റെ ബ്രേവ് ഹാർട് പുരസ്കാരം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ.പി വി രാധാകൃഷ്ണ പിള്ള ഏറ്റുവാങ്ങി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോവിഡ് മഹാമാരിയുടെ നാളുകളിൽ നടപ്പിലാക്കിയ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കായി മീഡിയ വൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട് പുരസ്കാരം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ.പി വി രാധാകൃഷ്ണ പിള്ള ഏറ്റുവാങ്ങി.
ആലപ്പുഴ മാവേലിക്കര സ്വദേശിയായ
പി വി രാധാകൃഷ്ണ പിള്ള 1986 മുതൽ ബഹ്റൈൻ ഗവർണമെന്റ് വൈദ്യുതി വിതരണ വകുപ്പിൽ സീനിയർ എൻജിനിയർ ആയി ജോലി ചെയ്യുന്നു.
ആറ് വർഷങ്ങൾ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഭരണസമിതിയുടെ ചെയർമാൻ, നിരവധി വർഷങ്ങൾ ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കേരളീയ സമാജം ആസ്ഥാന മന്ദിരം നിർമാണ കമ്മിറ്റി ചെയർമാൻ, ലോക കേരള സഭ അംഗം, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ, നോർക്ക റൂട്സ് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ, സൂര്യ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് തുടങ്ങിയ പദവികളിലൂടെ ബഹ്റൈൻ വിദ്യാഭ്യാസ കലാ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ മാതൃകാപരമായ നിരവധി കർമ്മപദ്ധതികൾ വിജയകരമായി നടപ്പിലാക്കിയ ദീർഘദർശിയാണ് ശ്രീ. പി വി രാധാകൃഷ്ണ പിള്ള.
പ്രളയ കാലത്ത് നടപ്പിലാക്കിയ ക്ഷേമ പ്രവർത്തനങ്ങളും, കോവിഡ് മഹാമാരിയുടെ കാലത്ത് ബഹ്റൈനിലും കേരളത്തിലും കുടുങ്ങിപ്പോയവർക്ക് പറന്നുയർന്നു വീടാണയാനും ജോലി തേടി തിരികെ എത്താനും വഴിയൊരുക്കിയ 29 ചാർട്ടേർഡ് ഫ്ളൈറ്റുകൾ സാദ്ധ്യമാക്കിയതും ഓക്സിജൻ സിലിണ്ടറുകളും ദ്രവ ഓക്സിജനും കേരളത്തിലും കേന്ദ്രത്തിലും എത്തിച്ച, അപ്രാപ്യമെന്ന് കരുതിയ സമാജം കാരുണ്യ പ്രവർത്തനത്തിന്റെ മുൻനിരയിലെ നേതൃപാഠവവും കേരളത്തിൽ പതിനാല് ജില്ലകളിലായി 26 ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകിയ സമാജം ഭവന പദ്ധതിയും ബഹ്റൈനിൽ കോവിഡ് ബാധിച്ചു ജീവൻ പൊലിഞ്ഞ പ്രവാസിയുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകിയതും സമാജം അംഗങ്ങൾ വീടുകളിൽ പാചകം ചെയ്തു എത്തിക്കുന്ന ഭക്ഷണപൊതി അർഹർക്ക് എത്തിക്കുന്ന വിശപ്പ് രഹിത പദ്ധതിയായ അക്ഷയ പാത്രവും കർമ്മപഥത്തിലെത്തിച്ചു ജനശ്രദ്ധ നേടിയ ശ്രീ. പി വി രാധാകൃഷ്ണ പിള്ളയെ സാമൂഹ്യ സേവന രംഗത്ത് വേറിട്ട, വ്യത്യസ്ത വ്യക്തിത്വമാക്കുന്നു. ബഹ്റൈൻ മലയാളികൾക്കും ഇതര സംസ്ഥാന പ്രവാസികൾക്കും പി വി എന്നത് കേവലം രണ്ട് അക്ഷരങ്ങൾ അല്ല മറിച്ച് അഭയവും ആശ്രയവുമാണ്.
2005-ൽ സാമൂഹ്യ പ്രവർത്തന മികവിന് ലഭിച്ച ഷിഫാ അൽജസീറ ഗ്രൂപ്പ് പുരസ്കാരം.
വിദ്യാഭ്യാസ രംഗത്തെ മാതൃക പ്രവർത്തനത്തിനുള്ള ബഹ്റൈൻ ബിസിനസ് ഫോറം പുരസ്കാരം 2006.
പരമോന്നത ബഹുമതി ആയ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം 2012
വേൾഡു മലയാളി കൗൺസിൽ എക്സലൻസ് പുരസ്കാരം 2021.
തുടങ്ങിയ ബഹുമതികൾ പിവിയുടെ നിസ്വാർത്ഥ സേവനത്തിനുള്ള
സാക്ഷ്യപത്രങ്ങളാണ്.
ലോക നാടക വാർത്തകൾ പ്രവർത്തനങ്ങൾക്ക് മാതൃക കാട്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന ശ്രീ. പി വി രാധാകൃഷ്ണ പിള്ളയെ എൽ എൻ വി അംഗങ്ങളുടെ സ്നേഹാദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു.
എല്ലാ ഭാവി കർമ്മ പദ്ധതികൾക്കും എൽ എൻ വി കൂട്ടായ്മയുടെ ആശംസകൾ.