ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം കഥക് നർത്തകി പദ്മഭൂഷൺ ഗുരു കുമുദിനി ലാഖിയയ്ക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഇന്ത്യയുടെ നടന കലകളുടെ വളർച്ചയ്ക്ക് ജീവിതമർപ്പിച്ച മഹാപ്രതിഭകൾക്ക് കേരളം നൽകുന്ന രാജ്യത്തെ ഏറ്റവും ഉന്നതമായ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്ക്കാരം 2021 കഥക് നർത്തകി പദ്മഭൂഷൺ കുമുദിനി ലാഖിയയ്ക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു. മൂന്ന് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്ക്കാരം. കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടന ഗ്രാമമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ദേശീയ തലത്തിൽ അംഗീകരിച്ചിട്ടുള്ള ഒമ്പത് നൃത്ത കലകളിലെ പ്രമുഖരടങ്ങുന്ന 30 പ്രതിഭകളുടെ നാമനിർദ്ദേശങ്ങൾ വേണു ജി ചെയർമാനായി രൂപീകരിച്ച ദേശീയ വിദഗ്ധ സമിതിക്ക് സമർപ്പിച്ചിരുന്നു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ പ്രതിനിധിയായ ഡോ ഏറ്റുമാനൂർ പി കണ്ണൻ, ഗുരു ഗോപിനാഥ് നടന ഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ, പ്രൊഫ.മാർഗി മധു ചാക്യാർ, ഡോ. രാജശ്രീ വാരിയർ, ഡോ നീന പ്രസാദ്, ഉഷ രാജ വാരിയർ, പ്രൊഫ. ആർ നന്ദകുമാർ എന്നിവർ അടങ്ങിയ വിദഗ്ധ സമിതി 10 പ്രതിഭകളുടെ ചുരുക്ക പട്ടിക പുരസ്ക്കാര നിർണ്ണയ സമിതിക്ക് കൈമാറി. ഇതിൽ നിന്നും ഇന്ത്യൻ ശാസ്ത്രീയ നൃത്ത പ്രതിഭയായ ഡോ. കമാലിനി ദത് അധ്യക്ഷയായ പുരസ്ക്കാര സമിതിയാണ് ഇക്കൊല്ലത്തെ പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കേരള സാംസ്ക്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, ഗുരു ഗോപിനാഥ് നടന ഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ, നർത്തകി ഗായത്രി ഗോവിന്ദ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതി അംഗങ്ങൾ കൂടി ആലോചിച്ചു 92 വയസ്സുകാരിയായ കഥക് നർത്തകി കുമുദിനി ലാഖീയയെ 2021 ലെ അവാർഡ് ജേതാവായി പ്രഖ്യാപിച്ചു .
1930 മെയ് 17 എം തീയതി ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച പദ്മഭൂഷൺ ഗുരു കുമുദിനി ലാഖീയ കഥക് നൃത്തത്തിന്റെ അടവുകളെയും അഭിനയ തന്ത്രങ്ങളെയും കുറിച്ച് ഗഹനമായ ഗവേഷണം നടത്തി. ഈ നാട്യ ഗുരു തന്റെ നൂതന ശൈലിയിലൂടെ കഥക് നൃത്തത്തെ സമൂഹ നൃത്ത ശീലുകളിൽ അവതരിപ്പിച്ചു ശ്രദ്ധേയയായി.