നീണ്ട ഇടവേളക്ക് ശേഷം യു.എ.ഇയിൽ മലയാള നാടകങ്ങൾ അരങ്ങേറി. പ്രതീക്ഷയോടെ നാടക പ്രേമികൾ
ദുബായ്: പ്രവാസ മലയാള നാടകങ്ങളുടെ ഈറ്റില്ലമായ യു.എ.ഇയിൽ വീണ്ടും അരങ്ങുണർന്നു.ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗമായി മാൾ ഓഫ് ദി എമിരേറ്റ്സിൽ 4 വിവിധ ഇന്ത്യൻ ഭാഷകളിലായി ജൂലൈ 2,3 തീയ്യതികളിൽ നടന്ന റീജിയണൽ പാല്ലെട്ട് നാടകോത്സവത്തിൽ മലയാളത്തിൽ നിന്ന് രണ്ടു നാടകങ്ങൾ അരങ്ങേറി .എൽ .എൻ . വി സെൻട്രൽ അഡ്മിൻ പാനൽ അംഗം അജയ് അന്നൂർ സംവിധാനം ചെയ്ത അൽഖൂസ് തീയറ്ററിന്റെ "അദൃശ്യൻ" എന്ന നാടകവും തീയേറ്റർ ദുബൈയുടെ ഷാജഹാൻ ഒറ്റ തയ്യിൽ സംവിധാനം ചെയ്ത ദി ഐലൻഡ് എന്ന നാടകവും അരങ്ങിലെത്തി .
ആഫ്രിക്കൻ നാടകകൃത്ത് ആതർ ഫുഗാർഡിന്റെ രചനയുടെ മലയാളാവിഷ്കാരമാണ് ഒ.ടി. ഷാജഹാൻ സംവിധാനം ചെയ്യുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ദി അയലൻഡ് എന്ന നാടകം.
എം നന്ദകുമാറിന്റെ "സമയം" എന്ന ചെറുകഥയുടെ രംഗാവിഷ്കാരമാണ് അദൃശ്യൻ എന്ന നാടകം. ലളിതമായ രംഗാവിഷ്കരണം കൊണ്ട് നാടകം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി .
വിനയൻ കൂവേരി, ജിനേഷ് സി പി, ഡോ. സൗമ്യ രാമസുബ്രഹ്മണ്യൻ, ഡോ. അഭിജേഷ് ചന്ദ്രൻ, ജിമ്മി ജോർജ്, വൈഷ്ണവി വിനയൻ, കാശിനാഥ് നെല്ലിയോടൻ തുടങ്ങിയവർ അഭിനയിച്ചു .നാടകത്തിന്റെ സംഗീത രൂപകൽപ്പന ആഷിഖ് വി എ, സംഗീത നിയന്ത്രണം ശ്രീരാഗ് ആർ നമ്പ്യാർ, വെളിച്ച സംവിധാനം / നിയന്ത്രണം പ്രിൻസ് പൗലോസ് ,രംഗ സജ്ജീകരണം വചസ് ചന്ദ്രൻ ,സുധീഷ് അന്നൂർ എന്നിവർ നിർവഹിച്ചു .