നാടെങ്ങും ആവേശമായി രംഗശ്രീ കലാജാഥ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കാസർകോട് : സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ലിംഗ അസമത്വത്തിനുമെതിരെ കുടുംബശ്രീ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയ്ക്ക് നാടെങ്ങും ഗംഭീര വരവേൽപ്പ്.
ദൃശ്യ-സംഗീതാവിഷ്കാരത്തിലൂടെ സമൂഹത്തെ നവീകരിച്ച് ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സ്ത്രീശക്തി കലാജാഥ അവതരിപ്പിക്കുന്നത്. മാർച്ച് 10 മുതൽ 23 വരെ ജില്ലയിലെ 50 കേന്ദ്രങ്ങളിൽ സ്ത്രീശക്തി കലാജാഥ പര്യടനം നടത്തുന്നു.കുടുംബശ്രീ രംഗശ്രീ ടീമിലെ 12 അംഗങ്ങളാണ് നാടകവും സംഗീതശില്പവുമടങ്ങുന്ന കലാജാഥ അവതരിപ്പിക്കുന്നത്.
കരിവെള്ളൂർ മുരളി രചനയും സംവിധാനവും നിർവഹിച്ച 'പാടുക ജീവിതഗാഥകൾ' സംഗീതശില്പത്തിലൂടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ചോദ്യം ചെയ്തു കൊണ്ടും സ്ത്രീയുടെ ഉയർത്തെഴുന്നേൽപ്പിന് ആഹ്വാനം ചെയ്തു കൊണ്ടുമാണ് കലാജാഥ ആരംഭിക്കുന്നത്.
റഫീഖ് മംഗലശേരിയും കരിവെള്ളൂർ മുരളിയും ചേർന്ന് രചിച്ച് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത 'പെൺ കാലം, എന്ന നാടകത്തിൽ പ്രണയപ്പക, സംശയരോഗം, സ്ത്രീധനം എന്നിവ ചർച്ച ചെയ്യപ്പെടുന്നു. ഹരിത കർമ്മ സേന അവതരിപ്പിക്കുന്ന രമണൻ എന്ന നാടകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നാടകം സഞ്ചരിക്കുന്നത്.