മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം മുരുകന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശൂർ: കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് എർപ്പെടുത്തിയിട്ടുള്ള പ്രഥമ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം ഈ വർഷം നാടക നടൻ മുരുകന്. പുന്നയൂർകുളം തെണ്ടിയത്ത് കാർത്ത്യായനീ ടീച്ചറുടെ എന്റോവ്മെന്റായിട്ടാണ് പുരസ്കാരം സമ്മാനിക്കുന്നത്. അയ്യായിരത്തിഒന്നു രൂപയും, ഫലകവും, പ്രശസ്തി പത്രവുമാണ് പുരസ്കാരം.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകത്തിൽ ബിരുദവും എംഎൻ മുരുകൻ നേടിയിട്ടുണ്ട്. നാടകാഭിനയത്തിന് നാല് സംസ്ഥാന അവാർഡുകളും, സീരിയൽ (കോവിലന്റെ തോറ്റങ്ങൾ) അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ "കലാശ്രീ' അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
എഴുപതോളം ഏകാംഗ നാടകങ്ങളും, ഇരുപതിൽപരം മുഴുനീള അമേച്വർ നാടകങ്ങളും, ഇരുപത്തിയഞ്ചോളം പ്രൊഫഷണൽ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സീരിയൽ - സിനിമാ അഭിനയ രംഗത്തും സജീവമാണ്. മേയ് മാസം അവസാനത്തിൽ ഗുരുവായൂരിൽ വെച്ച് ചേരുന്ന മാടമ്പിന്റെ അനുസ്മരണ സമ്മേളനത്തിൽവച്ചു പുരസ്കാരം സമ്മാനിക്കും.