മലയാളി വനിതാ ഡോക്ടർമാരുടെ ഫ്യൂഷൻ നൃത്തം ദുബായിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ദുബായ് : യുഎഇയിലെ ഒരു സംഘം മലയാളി വനിതാ ഡോക്ടർമാരുടെ ഫ്യൂഷൻ നൃത്തം ഗ്ലോബൽ വില്ലേജിൽ ലോക റെക്കോർഡുകൾ തകർത്തു. മെഡികോൺ ഇവന്റ്സ് സംഘടിപ്പിച്ച പരിപാടിയിൽ 50 വനിത ഡോക്ടർമാരാണ് ‘നസീജ്’ എന്ന് പേരിട്ട നൃത്ത പരിപാടി അവതരിപ്പിച്ചത്. ദേശീയദിനത്തിന്റെ അമ്പതാം വാർഷികമാഘോഷിക്കുന്ന യുഎഇക്കും സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്കും ആദരവായാണ് പരിപാടി.
യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന 50 മലയാളി വനിതാ ഡോക്ടർമാർ രാജസ്ഥാനി നാടോടി നൃത്തയിനമായ നൃത്തയിനമായ ഗൂമറും അറബിക് ഇനമായ ഖലീജിയും 10 മിനിറ്റിൽ അവതരിപ്പിച്ച്, ഒരേ സമയം ഏറ്റവും കൂടുതൽ വനിതാ ഡോക്ടമാർ അവതരിപ്പിച്ച പരമ്പരാഗത നൃത്തയിനം എന്ന വിഭാഗത്തിൽ ലണ്ടൻ വേൾഡ് ബുക്ക് ഒാഫ് റെക്കോർഡ്സിലും അറേബ്യൻ വേൾഡ് റെക്കോർഡ്സിലുമാണ് പ്രവേശിച്ചത്.
25 പേർ വീതം ആദ്യം അറബിക് നൃത്തവും തുടർന്ന് രാജസ്ഥാനി നാടോടി നൃത്തവും അവതരിപ്പിച്ചു. ശേഷം എല്ലാവരും ചെയ്യുകയായിരുന്നു. യുഎഇയിലെ നർത്തകി അനുപമയുടെ നേതൃത്വത്തിലായിരുന്നു നൃത്ത പരിശീലനം നടത്തിയത്.